me
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ സംഘടിപ്പിച്ച മിൽമ ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. എം. എൽ. എമാരായ സി. ദിവാകരൻ, കോവൂർ കുഞ്ഞുമോൻ, മിൽമ ചെയർമാൻ കല്ലട രമേശ്‌ എന്നിവർ സമീപം

കൊല്ലം: മിൽമയുടെ പ്രവർത്തനം ക്ഷീരകർഷകരെ ഏറെ സഹായിക്കുന്നതും സഹകരണ മേഖലയിൽ മാതൃകാപരവുമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സികുട്ടിഅമ്മ അഭിപ്രായപ്പെട്ടു.

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ സംഘടിപ്പിച്ച മിൽമ ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്‌ അധ്യക്ഷത വഹിച്ചു.

25 വർഷം സേവനം പൂർത്തീകരിച്ച ക്ഷീര സംഘം പ്രസിഡന്റുമാരെയും ജീവനക്കാരെയും ക്ഷീര വികസന വകുപ്പ് മുൻ മന്ത്രി സി. ദിവാകരൻ എം. എൽ. എ ആദരിച്ചു. രാഷ്ട്രീയത്തിനതീതമായി ക്ഷീര കർഷകരെ ഒരുമിപ്പിച്ചു നിർത്തുന്ന മിൽമ പ്രശംസനീയമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് സി. ദിവാകരൻ പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എം. എൽ. എ, സ്വാഗത സംഘം ചെയർമാൻ വി. വേണുഗോപാലകുറുപ്പ്, കൺവീനർ കെ. രാജശേഖരൻ, ശാസ്‌താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എ. സുമ, മിൽമ എം. ഡി കുരിയാക്കോസ് സഖറിയ, ഡയറി മാനേജർ പി. മുരളി, അസിസ്റ്റന്റ് മാനേജർ കെ. ജെ സൂരജ്, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാരായ പതാരം സുഭാഷ്, പെരിനാട് തുളസി, സി. മോഹനൻ, ആനയടി സംഘം സെക്രട്ടറി ബി. ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.

ക്ഷീര കർഷകർക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, മിൽമ ഉൽപ്പന്നങ്ങൾ, കാലിത്തീറ്റ എന്നിവയുടെയും അനുബന്ധ ക്ഷീര കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം എന്നിവ ഗ്രാമോത്സവത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.