കൊല്ലം: ഈ കാലഘട്ടത്തിൽ സാഹിത്യകാരൻമാരും സാമൂഹിക പ്രവർത്തകരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ നാടിനു വിപത്താണെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ജനകീയ കവിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പുനലൂർ ബാലൻ സാഹിത്യ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരേക്കാൾ ഉപരിയായി നാടിനുവേണ്ടി പോരാടേണ്ടത് എഴുത്തുകാരാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ ബാലൻ സാഹിത്യ പുരസ്കാരം കൊല്ലം മേയർ ഹണി ബെഞ്ചമിൻ എ.ഡി.ജി.പി ബി.സന്ധ്യയ്ക്കു സമ്മാനിച്ചു. രമാ ബാലചന്ദ്രന്റെ വെയിൽ പൂക്കൾ എന്ന പുസ്തകം ബി.സന്ധ്യ പ്രകാശനം ചെയ്തു. മോഹൻ ജോർജ് ആദ്യകോപ്പി ഏറ്റുവാങ്ങി. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ബാബു, ഡോ.സി.ഉണ്ണിക്കൃഷ്ണൻ, എൻ.പി.ചന്ദ്രശേഖരൻ, ബാബു പാക്കനാർ, ബി.റഷീദ കണ്ണൂർ, ഫാ.ജോൺ സ്ലീബ, രാജൻ താന്നിക്കൽ എന്നിവർ സംസാരിച്ചു.