പരവൂർ: പരവൂർ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമായ ഒല്ലാൽ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പരവൂർ ഈസ്റ്റ് വെസ്റ്റ് യൂണിറ്റ് സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു.
പരവൂർ റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരവൂർ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ഗുരുദാസ്, ബി. ചന്ദ്രചൂഢൻപിള്ള എന്നിവർ ഏർപ്പെടുത്തിയ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നതവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കും ചെറുമക്കൾക്കുമുള്ള കാഷ് അവാർഡ് ബ്ലോക്ക് പ്രസിഡന്റ് സി. സുന്ദരരാജു വിതരണം ചെയ്തു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ചാത്തന്നൂർ ഏരിയാ സെക്രട്ടറി ബിനു ഇടനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ, ബ്ലോക്ക് സെക്രട്ടറി കെ. ജയലാൽ, കെ. സോമശേഖരപ്പിള്ള, എ. ശശിധരൻ, പി. സോമൻപിള്ള എന്നിവർ സംസാരിച്ചു. ജി. ജയപ്രസാദ് സ്വാഗതവും എസ്. സുലോചനാദേവി നന്ദിയും പറഞ്ഞു.
ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായി സോമശേഖരപ്പിള്ള (പ്രസിഡന്റ്), ജി. ജയപ്രസാദ് (സെക്രട്ടറി), പി. സോമൻപിള്ള (ട്രഷറർ) എന്നിവരെയും വെസ്റ്റ് യൂണിറ്റ് ഭാരവാഹികളായി കെ. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), എ. ശശിധരൻ (സെക്രട്ടറി), എൻ. പുരുഷോത്തമൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.