photo
കൊട്ടാരക്കരയിൽ നിർമ്മാണം പുഗോമിക്കുന്ന റൂറൽ എസ്.പി ഓഫീസ് ആസ്ഥാനമന്ദിരം

കൊട്ടാരക്കര: കൊല്ലം റൂറൽ എസ്.പി ഓഫീസിന് കൊട്ടാരക്കരയിൽ നിർമ്മിക്കുന്ന ആസ്ഥാന മന്ദിരം മാർച്ച് 31ന് മുൻപ് പൂർത്തിയാക്കും. ഏപ്രിൽ രണ്ടാം വാരത്തിൽ ഉദ്ഘാടനം ചെയ്യും. 14,466 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് പൂർത്തിയാകുന്നത്. കൊട്ടാരക്കര പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാറി തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് എസ്.പി ഓഫീസിന്റെ ആസ്ഥാനം നിർമ്മിക്കുന്നത്.

കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം എസ്.പി ഓഫീസിന് കെട്ടിടം നിർമ്മിക്കാനായി സ്ഥലം വിട്ടുനൽകിയതാണ്. സർക്കാൻ അനുവദിച്ച 58 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. അനുവദിച്ച തുകയിൽ നിന്നും കരാർ തുകയിൽ കുറവ് വന്നതിനാൽ ബാക്കിവരുന്ന തുക ഉപയോഗിച്ച് ഫർണിച്ചറുകളും മറ്റും വാങ്ങി ഓഫീസ് പ്രവർത്തന സജ്ജമാക്കും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചുമതലയിലാണ് നിർമ്മാണ ജോലികൾ നടന്നുവരുന്നത്.

എസ്. പി ഓഫീസ് മന്ദിരം ഇങ്ങനെ:

# ഗ്രൗണ്ട്ഫ്ളോർ: റിസപ്ഷൻ, റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ

# ഒന്നാം നില: എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശൗചാലയങ്ങൾ

#രണ്ടാം നില: ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റിക്കോർഡ്സ് റൂം, ശൗചാലയങ്ങൾ

റൂറൽ പൊലീസ് ജില്ല

20 പൊലീസ് സ്റ്റേഷനുകളും എസ്.പി അടക്കം 2200 പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് റൂറൽ പൊലീസ് ജില്ല.

അസൗകര്യങ്ങളുടെ കൂടാരം

കൊട്ടാരക്കരയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിനോട് ചേർന്ന കെട്ടിടങ്ങളിലാണ് ഇപ്പോൾ എസ്.പി ഓഫീസ് പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളുടെ നടുവിലാണ് ഓഫീസ് പ്രവർത്തനം. ദിവസവും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കം നിരവധി പേർ എപ്പോഴുമെത്താറുണ്ട്. എസ്.പിയെ കാണാനെത്തുന്നവർ ഏറെനേരം വരാന്തയിൽ ഇരിക്കേണ്ട ഗതികേടാണ്. തട്ടിക്കൂട്ട് സംവിധാനത്തിലാണ് ഫ്രണ്ട് ഓഫീസ്. ഡിവൈ.എസ്.പിമാർക്ക് മതിയായ സൗകര്യങ്ങളില്ല. പൊലീസിന്റെ മറ്റ് വിഭാഗങ്ങളും പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. സ്വന്തമായി ആസ്ഥാനം ആകുന്നതോടെ എല്ലാ അസൗകര്യങ്ങൾക്കും പരിഹാരമാകും. അസൗകര്യങ്ങൾ മാറും

`റൂറൽ ജില്ലാ പൊലീസിന് ആസ്ഥാന മന്ദിരം ഒരുങ്ങുകയാണ്. മാർച്ച് 31ന് മുൻപ് നിർമ്മാണം പൂർത്തിയാക്കും. ഗാർഡൻ, മറ്റ് സൗന്ദര്യ വത്കരണം, ഓഫീസ് സജ്ജീകരിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പിന്നെയും വേണ്ടിവരും. ഉദ്ഘാടനം ചെയ്യുന്നതോടെ നിലവിലെ അസൗകര്യങ്ങൾ മാറും. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും.

ഹരിശങ്കർ, റൂറൽ എസ്.പി