കുണ്ടറ: രാജ്യരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും വെല്ലുവിളി നേരിടുമ്പോൾ ചെറിയ കാര്യങ്ങളിൽ തർക്കിക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മേക്കോൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജമാഅത്ത് പ്രസിഡന്റ് ഇ. ശിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഷെരീഫ് ചന്ദനത്തോപ്പ് ഭരണഘടന ആമുഖ വായന നടത്തി. പ്രൊഫ. കടയ്ക്കൽ അഷറഫ് ഐക്യദാർഡ്യ പ്രഭാഷണം നടത്തി. കൊറ്റംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത കുമാരി, ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ, സി.പി.എം കുണ്ടറ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.എൽ. സജികുമാർ, അൻസറുദ്ദീൻ, സലാഹുദ്ദീൻ, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.ജമാഅത്ത് സെക്രട്ടറി മുഹമ്മദ് നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് മേക്കോൺ നിന്ന് ആരംഭിച്ച ഭരണഘടനാ സംരക്ഷണ റാലി കരിക്കോട് വഴി ചന്ദനത്തോപ്പിൽ സമാപിച്ചു.