കൊല്ലം: ബാങ്ക് കെട്ടിടത്തിൽ നിന്ന് ഫയർ അലാം മുഴങ്ങിയത് പരിസരവാസികളെയാകെ പരിഭ്രാന്തരാക്കി. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ പരിശോധനയിൽ സമീപത്തെ വീട്ടുവളപ്പിൽ കരിയിലകൾ കത്തിച്ച പുക മൂലം ബാങ്കിലെ അലാം സിസ്റ്റം പ്രവർത്തനസജ്ജമായതാണ് കാരണമെന്ന് മനസിലായതോടെയാണ് പ്രദേശവാസികളുടെ പിരിമുറുക്കം അയഞ്ഞത്.
ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. കൊല്ലം സിവിൽ സ്റ്റേഷന് സമീപത്തെ യൂണിയൻ ബാങ്ക് ശാഖയിൽ ഫയർ അലാം മുഴങ്ങുന്നതായി സമീപവാസി നൽകിയ വിവരത്തെ തുടർന്നാണ് ചാമക്കട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ബാങ്ക് കെട്ടിടത്തിന്റെ ജനലിലൂടെ കടുത്ത പുകയുയരുന്നുണ്ടായിരുന്നു.
പൂട്ട് പൊളിച്ച് ഉള്ളിൽക്കയറിയ ഉദ്യോഗസ്ഥർ അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപവാസി വീട്ടുവളപ്പിൽ കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചത് മൂലമാണ് ഫയർ സിസ്റ്റം പ്രവർത്തിക്കാൻ കാരണമായതെന്ന് മനസിലായത്.