tap

 പ്രതിവർഷം ജല അതോറിറ്റിക്ക് നൽകുന്നത് 2.5 കോടി രൂപ

കൊല്ലം: കുടിവെള്ളം കണികണ്ടിട്ട് വർഷങ്ങളായ പൊതുടാപ്പുകൾക്കും മുടങ്ങാതെ വാട്ടർ ചാർജ്ജ് നൽകി നഗരസഭ. നഗരത്തിൽ എത്ര പൊതുടാപ്പുകളുണ്ട്, എത്രയെണ്ണത്തിൽ കൃത്യമായി വെള്ളമെത്തുന്നു തുടങ്ങിയവയൊന്നും പരിശോധിക്കാതെ ശരാശരി രണ്ടരക്കോടി രൂപയാണ് നഗരസഭ പ്രതിവർഷം വാട്ടർ ചാർജ്ജായി ജല അതോറിറ്റിക്ക് അടയ്ക്കുന്നത്.

പൊതുടാപ്പുകളുടെ എണ്ണം നഗരസഭയുടെ കൈവശമില്ലാത്തതിനാൽ വാട്ടർ അതോറിറ്റിയുടെ പക്കലുള്ള കണക്ക് പ്രകാരം നൽകുന്ന ബില്ലിന് വർഷങ്ങളായി പണം അടച്ചുകൊണ്ടിരിക്കുകയാണ്. തൃക്കടവൂർ സോണലിലെ പൊതുടാപ്പുകൾക്ക് പ്രതിമാസം 437.50 രൂപ വീതവും മറ്റിടങ്ങളിലേതിന് 657 രൂപ വീതവുമാണ് അടയ്ക്കുന്നത്.

 സർക്കാർ ഉത്തരവായിട്ട് പത്ത് വർഷം

നഗരസഭാ പരിധിയിലുള്ള പൊതുടാപ്പുകളുടെ എണ്ണം വാട്ടർ അതോറിറ്റിയുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി തിട്ടപ്പെടുത്തണമെന്ന് 2011ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുടിവെള്ളം ലഭിക്കുന്ന ടാപ്പുകൾക്കേ പണം അടയ്ക്കാവുവെന്നും ഉപയോഗിക്കുന്ന അളവ് കൃത്യമായി കണ്ടെത്താൻ മീറ്റർ സ്ഥാപിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ടായിരുന്നു. സർക്കാർ ഉത്തരവ് വന്ന് വർഷം പത്താകാറായിട്ടും നഗരസഭ ഇതിനൊന്നും തയ്യാറായിട്ടില്ല.

 വാട്ടർ അതോറിറ്റിക്ക് താത്പര്യമില്ല

നഗരത്തിലെ പകുതിയോളം പൊതുടാപ്പുകളിലും കുടിവെള്ളം വരാറില്ലെന്നാണ് പൊതുവേയുള്ള പരാതി. കുടിവെള്ളം എത്തിയില്ലെങ്കിലും വാട്ടർ ചാർജ്ജ് കൃത്യമായി ലഭിക്കുന്നതിനാൽ ജല അതോറിറ്റി അറ്റകുറ്റപ്പണിക്കും തയ്യാറാകുന്നില്ല. മീറ്റർ ചാർജ്ജ് അനുസരിച്ച് പണം ലഭിക്കുവെന്ന സാഹചര്യം വന്നാൽ ജല അതോറിറ്റി കൃത്യമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം വിതരണം ചെയ്യാൻ തയ്യാറാകും.

 നഗരത്തിലെ പൊതുടാപ്പുകളുടെ എണ്ണം
(ജല അതോറിറ്റിയുടെ കണക്ക്)

തൃക്കടവൂർ സോണലിൽ: 394

മറ്റിടങ്ങളിൽ: 3248

ആകെ: 3642