കൊല്ലം: നഗരത്തിലെ നടപ്പാതകൾ അധികൃതർ മോടികൂട്ടി സൗകര്യപ്രദമാക്കുമ്പോഴും കാൽനടയാത്രക്കാർക്ക് നടക്കാനിടമില്ല. അനധികൃത പാർക്കിംഗ് ഉൾപ്പെടെ നഗരത്തിലെ നടപ്പാതകൾ കൈയ്യേറുമ്പോൾ കാൽനടയാത്രികർ പെരുവഴിയിലാണ്.
കൊല്ലം ക്യു.എ.സി റോഡിലിലെ നടപ്പാതകൾ മോടികൂട്ടാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും യാത്രികർക്ക് പ്രയോജനമില്ല. റെയിൽവെ സ്റ്റേഷൻ- കർബല റോഡിൽ നടപ്പാത മുഴുവൻ ഇരുചക്രവാഹനങ്ങളാണ്. ക്യു.എ.സി റോഡിലേക്കുള്ള നടപ്പാതയുടെ തുടക്കത്തിൽ കൂറ്റൻ മരക്കഷണങ്ങൾ വെട്ടിയിട്ടിരിക്കുകയാണ്. കോർപ്പറേഷൻ ഓഫീസിന് മുന്നിലൂടെ എത്തുന്നവർക്ക് തടസമായാണ് ഈ മരക്കഷണങ്ങൾ കിടക്കുന്നത്. ഇപ്പോൾ പുതുതായി കൈവരികൾ കൂടി സ്ഥാപിച്ചപ്പോൾ റോഡിലൂടെ തന്നെ നടക്കേണ്ട അവസ്ഥയാണ്.
യാത്രികർക്ക് ഭീഷണിയായി പാർക്കിംഗ്
തൊഴിൽ ദിനങ്ങളിൽ ക്യു.എ.സി റോഡിന്റെ ഇരുവശത്തും കാറുകളും വാനുകളും ഉൾപ്പെടെ പാർക്ക് ചെയ്തിരിക്കുന്നതിനാൽ റോഡിന് ഓരം ചേർന്ന യാത്രക്കാർക്ക് നടക്കാനും കഴിയില്ല. അതിനാൽ അമിതവേഗതയിൽ പാഞ്ഞെത്തുന്ന സ്വകാര്യബസുകളിൽ നിന്നും ബൈക്കുകളിൽ നിന്നും രക്ഷനേടാൻ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾക്കിടയിലേക്ക് കയറി നിൽക്കുക മാത്രമേ മാർഗ്ഗമുള്ളു. നടപ്പാതകളിലേക്ക് ഇരുചക്ര വാഹനങ്ങൾ കയറ്റിവയ്ക്കുന്നതാണ് മറ്റൊരു തടസം. കൈവരികൾ വന്നിട്ടും സ്ഥലം കിട്ടുന്നിടത്ത് ഇരുചക്ര വാഹനങ്ങൾ വച്ച് പൂട്ടിപ്പോകുന്നവരും കുറവല്ല.