swimming-pool
കൊല്ലം കന്റോൺമെന്റ് മൈതാനിയിലെ നീന്തൽക്കുളത്തിൽ മാലിന്യം നിറഞ്ഞ അവസ്ഥയിൽ

 സാമൂഹ്യവിരുദ്ധരുടെ താവളം

 നശിക്കുന്നത് അരക്കോടിയുടെ സമ്പത്ത്

കൊല്ലം: ദേശീയ ഗെയിംസിനായി 40 ലക്ഷം രൂപ മുടക്കി കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നിർമ്മിച്ച ആധുനിക നീന്തൽക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. അന്തർദ്ദേശീയ നിലവാരത്തിൽ നിർമ്മിച്ച കുളത്തിന് തുടർസംരക്ഷണം ഇല്ലാതായതോടെ സാമൂഹ്യവിരുദ്ധർ കൈയ്യടക്കി കേടുപാടുകൾ വരുത്തുകയും മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റുകയുമാണുണ്ടായത്.

ഇപ്പോൾ കുളത്തിലെ വെള്ളത്തിൽ നിറയെ നഗരമാലിന്യമാണ് നീന്തിത്തുടിക്കുന്നത്. ജില്ലയിൽ നീന്തൽ മത്സരങ്ങൾ നടത്തണമെങ്കിൽ സ്വകാര്യ നീന്തൽക്കുളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ.

 നിർമ്മാണം 6 വർഷത്തിന് മുമ്പ്

കെ.ബി. ഗണേശ്കുമാർ കായിക മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച തുക ഉപയോഗിച്ച് 6 വർഷം മുമ്പാണ് നീന്തൽക്കുളത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 25 മീറ്ററോളം നീളത്തിൽ ബാത്ത്ടബ് മാതൃകയിലായിരുന്നു നിർമ്മാണം. കുളത്തിൽ വെള്ളം നിറയ്‌ക്കാനുള്ള പമ്പ് ഹൗസിനൊപ്പം വൈദ്യുതീകരണവും നടത്തി.

ദേശീയ ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്താകെ നിർമ്മിച്ച മൂന്ന് നീന്തൽക്കുളങ്ങളിൽ സംരക്ഷണമില്ലാതെ നശിക്കുന്നത് കൊല്ലത്തേത് മാത്രമാണ്. ചുറ്റുമുതിൽ കെട്ടി സംരക്ഷണം ഉറപ്പാക്കാൻ ഒരിക്കൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ ശ്രമം നടത്തിയപ്പോൾ കുളത്തിന് ചുറ്റും ഇരുമ്പുവേലി സ്ഥാപിച്ച് കോർപ്പറേഷൻ അവകാശം സ്ഥാപിച്ചെടുത്തു. ലക്ഷങ്ങൾ മുടക്കി കോർപ്പറേഷൻ സ്ഥാപിച്ച ഇരുമ്പ് വേലിയും ഇപ്പോൾ തകർന്ന നിലയിലാണ്. ശേഷിക്കുന്ന ഭാഗത്ത് കാട്ടുവള്ളികൾ പടർന്നുപിടിക്കുകയും ചെയ്തു. വൈകാതെ നിർമ്മാണം ആരംഭിക്കുന്ന സ്പോർട്സ് ഹബ്ബിൽ നീന്തൽക്കുളത്തിന്റെ നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെയുണ്ടായ അനാസ്ഥയുടെ കാരണം വ്യക്തമല്ല.

 സാമ്പത്തിക നഷ്ടത്തിന് ആര് മറുപടി പറയും ?

നീന്തൽക്കുളം കൈയ്യേറിയ സാമൂഹ്യവിരുദ്ധർ പമ്പ് ഹൗസിന്റെ വാതിലുകൾ തകർക്കുകയും കുളത്തിന്റെ വയറിംഗുകളുൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. പല ഘട്ടങ്ങളിലായി കുളത്തിലെ വെള്ളത്തിൽ മാലിന്യം കലർത്തിയവർ ഒടുവിൽ ശുചിമുറി മാലിന്യം വരെ നിക്ഷേപിച്ചു.

കന്റോൺമെന്റ് മൈതാനത്തിനും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിനും ഇടയിൽ തുറസായ സ്ഥലത്ത് കുളം നിർമ്മിച്ചവർ സാമൂഹ്യവിരുദ്ധരെ അകറ്റി നിറുത്തി സംരക്ഷണം ഉറപ്പുവരുത്തണമെന്ന കാര്യം ബോധപൂർവം മറന്നു. കുളത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും പകർച്ച വ്യാധികൾക്കും വഴി വെച്ചേക്കാവുന്ന സ്ഥിതിയാണ്.

 കായിക രംഗത്തിന് പൊറുക്കാനാകാത്ത അനാസ്ഥ

ജില്ലയുടെ കായികമേഖലയെ ആകെ ബാധിച്ച അനാസ്ഥയുടെ അടയാളമാണ് കന്റോൺമെന്റ് മൈതാനിയിലെ നീന്തൽക്കുളത്തിന്റെ അവസ്ഥ. നിരവധി കായിക താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനും മത്സരങ്ങൾ നടത്താനും കഴിയുന്ന രാജ്യാന്തര നിലവാരമുള്ള നീന്തൽക്കുളമാണ് നശിപ്പിച്ചത്. കായിക മുന്നേറ്റത്തിന് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തടസമാകുന്ന ജില്ലയിൽ നിലവിലുള്ള സൗകര്യങ്ങൾ സംരക്ഷിക്കാനും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകാത്തതിന് നീതീകരണമില്ല.

 നിർമ്മാണം 6 വർഷം മുമ്പ്

 നിർമ്മാണ ചെലവ് 40 ലക്ഷം രൂപ