c
ക്ഷീര കർഷകരെ തളർത്തി കാലിത്തീറ്റയുടെ വില വർദ്ധനവ്

കൊല്ലം: വേനൽ കടുത്തതോടെ പാൽ ഉൽപ്പാദനം കുറഞ്ഞ് പ്രതിസന്ധിയിലായ ക്ഷീര കർഷകരെ വീണ്ടും വലച്ച് മിൽമ കാലിത്തീറ്റയുടെ വില വർദ്ധനവും സബ്സിഡി പിൻവലിക്കലും. ഡിസംബർ അവസാന വാരത്തോടെയാണ് കാലിത്തീറ്റയ്‌ക്ക് മുന്നറിയിപ്പില്ലാതെ മിൽമ വില വർദ്ധിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ജനുവരി ഒന്ന് മുതൽ തിരുവനന്തപുരം മേഖലാ യൂണിയൻ തീറ്റയുടെ സബ്സിഡിയും നിറുത്തലാക്കിയത്.

50 കിലോവരുന്ന ഒരു ചാക്ക് മിൽമ കാലിത്തീറ്റയ്ക്ക് ഒരു വർഷം മുമ്പ് വരെ 900 രൂപ ആയിരുന്നു വില. പിന്നീട് പലപ്പോഴായി വില ഉയർത്തിയപ്പോഴാണ് കർഷകരെ സഹായിക്കാൻ തിരുവനന്തപുരം മേഖലാ യൂണിയൻ സബ്സിഡി ഏർപ്പെടുത്തിയത്. ഒരു ചാക്ക് കാലിത്തീറ്റയ്‌ക്ക് കഴിഞ്ഞ മാർച്ച് മുതൽ 100 രൂപയാണ് സബ്സിഡി നൽകിയിരുന്നത്. കർഷകർ പ്രാഥമിക ക്ഷീര സംഘങ്ങളിൽ നൽകുന്ന പാലിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് സബ്സിഡി നിശ്ചയിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി കാലിത്തീറ്റയുടെ വില വർദ്ധനവും സബ്സിഡി നിഷേധവും കർഷകർക്ക് ഇരുട്ടടി ആയത്.

 ഒരു ചാക്കിന് 45 രൂപ വരെ വർദ്ധനവ്

വില വർദ്ധനവോടെ മിൽമയുടെ ഗോമതി റിച്ച് കാലിത്തീറ്റയുടെ വില 1240 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലും ഇതിന് 25 രൂപ വില വർദ്ധിപ്പിച്ചിരുന്നു. 100 രൂപ സബ്സിഡി കൂടി ഇല്ലാതായതോടെ കർഷകർ മുഴുവൻ തുകയും നൽകിയാലേ കാലിത്തീറ്റ ലഭിക്കുകയുള്ളൂ. മിൽമ വില വർദ്ധിപ്പിച്ചതിന് പിന്നാലെ കേരള ഫീഡ്സിന്റെ കാലിത്തീറ്റകളായ റിച്ചിനും മിടുക്കിക്കും വില ഉയർത്തി. റിച്ചിന് 45 രൂപയാണ് കേരള ഫീഡ്സും വർദ്ധിപ്പിച്ചത്. കേരളഫീഡ്സിന്റെ റിച്ചിന് 1265 രൂപയും മിടുക്കിക്ക് 1345 രൂപയുമാണ് വിപണി വില.

വിലവിവരം.....

മിൽമ റിച്ച് കാലിത്തീറ്റ:1240 രൂപ

ഒരു വർഷം മുമ്പ്: 900 രൂപ

കേരളാ ഫീഡ്സ് റിച്ച്:1265 രൂപ

വർദ്ധിപ്പിച്ചത്: 45 രൂപ

കേരളാഫീഡ്സ് മിടുക്കി: 1345 രൂപ

 സ്വകാര്യ കമ്പനികളും വില ഉയർത്തും

കേരളഫീഡ്സും മിൽമയും കാലിത്തീറ്റയുടെ വില ഉയർത്തുന്ന ഘട്ടങ്ങളിലൊക്കെ സ്വകാര്യ കമ്പനികളും വില ഉയർത്തുന്നതാണ് പതിവ്. ഇതോടെ ക്ഷീര കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും.