മാറനാട് തെക്ക് സമ്പൂർണ ബീമാ ഗ്രാമം
എഴുകോൺ: ഇന്ത്യൻ പോസ്റ്റ് കൊല്ലം ഡിവിഷന്റെ പരിധിയിലുള്ള എഴുകോൺ പഞ്ചായത്തിലെ പരുത്തൻപാറ, കാരുവേലിൽ ഗ്രാമങ്ങളെ ഫൈവ് സ്റ്റാറായും പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് തെക്ക് സമ്പൂർണ ബീമാ ഗ്രാമമായും തപാൽ വകുപ്പ് പ്രഖ്യാപിച്ചു.
തപാൽ വകുപ്പിന്റെ സുപ്രധാനമായ അഞ്ച് പദ്ധതികളിൽ കാരുവേലിലേയും പരുത്തുംപാറയിലെയും എല്ലാ വീടുകളും പങ്കാളികളായതോടെയാണ് ഫൈവ് സ്റ്റാർ ഗ്രാമം പദവി ലഭിച്ചത്. കാരുവേലിൽ, മുക്കൂട് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ പരിധിയിലുള്ള പ്രദേശങ്ങളാണ് ഫൈവ് സ്റ്റാർ ഗ്രാമമായിരിക്കുന്നത്. മാറനാട് ബ്രാഞ്ച് ഓഫീസിന്റെ പരിധിയിലുള്ള മാറനാട് തെക്ക് ഗ്രാമത്തിൽ സമ്പൂർണ പോസ്റ്റൽ ഇൻഷ്വറൻസ് പദ്ധതിയാണ് നടപ്പാക്കിയത്. ഫൈവ് സ്റ്റാർ ഗ്രാമപദ്ധതി ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് നടപ്പാക്കുന്നത്.
എഴുകോൺ സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിലെ നീലേശ്വരം, ഇടയ്ക്കിടം ഗ്രാമങ്ങളും കൊല്ലം കേന്ദ്രമായുള്ള മുണ്ടയ്ക്കലും ഇതിനകം ഫൈവ് സ്റ്റാർ ഗ്രാമ പദവി നേടിയിട്ടുണ്ട്. എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പോസ്റ്റൽ സർവീസ് ഡയറക്ടർ എ. സയീദ് റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രഖ്യാപനം നിർവഹിച്ചു. പി. ഐഷാപോറ്റി എം.എൽ.എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.ആർ. രഘുനാഥൻ, എസ്.ആർ. ഗോപകുമാർ, മണിയനാംകുന്നിൽ ബാബു, പാറക്കടവ് ഷെറഫ്, ബിജു, കെ. ജയപ്രകാശ് നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
നടപ്പാക്കിയ 5 പദ്ധതികൾ
01. പോസ്റ്റൽ സേവിംഗ്സ് ബാങ്ക്
02. സുകന്യ സമൃദ്ധി
03. ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ് ബാങ്ക്,
04. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്,
05. പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന