അഞ്ചൽ: ജീവിതത്തിൽ വിജയം കൈവരിക്കാനും ഉയർച്ചയിലെത്താനും പാഠപുസ്തകത്തിനപ്പുറമുള്ള വായന അനിവാര്യമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരക്കെയുള്ള വായനയിലൂടെ മാത്രമേ കൂടുതൽ അറിവ് സമ്പാദിക്കാൻ കഴിയൂ. ഭാവിജീവിതം കരുപ്പിടിപ്പിക്കുന്നത് സ്കൂൾ തലത്തിലാണ്. ഇംഗ്ലീഷ് പഠിച്ചാൽ മാത്രമേ ഉയരാൻ കഴിയൂ എന്ന ധാരണ തെറ്റാണ്. വിദ്യാഭ്യാസത്തോടൊപ്പം കലയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ മാനേജിംഗ് പാർണറും ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണറുമായ അഡ്വ. ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ മുഖ്യപ്രഭാഷണം നടത്തി. അനന്ദു രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് റംസി ബൈജു, സ്കൂൾ മാനേജിംഗ് പാർട്ണർ റാഫി ഹനീഫ, പി.ടി.എ വൈസ് പ്രസിഡന്റ് ഷീനാതോമസ്, ദേവനന്ദ, പുണ്യ ദിലീപ് തുടങ്ങിയവർ സംസാരിച്ചു. ദേവിപ്രിയാ രാഗേഷ് സ്വഗാതവും സ്കൂൾ ലീഡർ മിഥുൻ ഉദയ് നന്ദിയും പറഞ്ഞു.