കൊല്ലം: അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും പലഘട്ടങ്ങളിലായി വൻതുക മുടക്കിയിട്ടും കാലപ്പഴക്കത്താൽ നശിക്കാൻ വിധിക്കപ്പെടാനാണ് പാരിപ്പള്ളി ജംഗ്ഷന്റെ ഹൃദയഭാഗത്തുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ വിധി. പ്രാഥമിക ആവശ്യങ്ങൾ നിവർഹിക്കാൻ ശുചിത്വമുള്ള സൗകര്യം പോയിട്ട് ശുദ്ധജലം പോലും ഇപ്പോൾ ഇവിടെ ലഭ്യമല്ല.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ച കുഷൻ കസേരകളെല്ലാം പൊളിഞ്ഞിളകി. ബാൽക്കണിയിലെ കസേരകളുടെ കാലുകൾ പലതും ഒടിഞ്ഞുമടങ്ങി. ശുചീകരണം കൃത്യമായി നടക്കാത്തതിനാൽ ബാൽക്കണിയാകെ ചിലന്തി അടക്കമുള്ള പ്രാണികളുടെ വിഹാര കേന്ദ്രമാണ്. ശുചിമുറികളിലേക്ക് ആർക്കും അടുക്കാനാവാത്ത വിധം അസഹ്യമായ ദുർഗന്ധമാണ്. ഡൈനിംഗ് ഹാളിലെ മാർബിൾ മേശകൾ പലതും പൊട്ടിത്തകർന്നു. കൂടുതൽ പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള ഇടവും അടുക്കളയിലില്ല.
സാമൂഹ്യവിരുദ്ധർ സ്ഥിരമായി മാലിന്യം തള്ളിയതോടെ ഇവിടത്തെ കിണർ വർഷങ്ങൾക്ക് മുമ്പ് മണ്ണിട്ട് മൂടേണ്ടി വന്നു. അടുത്തിടെ കുഴൽ കിണർ കുഴിച്ചെങ്കിലും വിശ്വസിച്ച് ഉപയോഗിക്കാനാകാത്തതിനാൽ വിവാഹ പാർട്ടികൾ പുറത്ത് നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. ഒരുകാലത്ത് തുടർച്ചായി വിവാഹങ്ങൾ നടന്നിരുന്നിടത്ത് ഇപ്പോൾ വർഷത്തിൽ പത്തിൽ താഴെ മാത്രമാണ് നടക്കുന്നത്. നിലവിൽ രാഷ്ട്രീയ പാർട്ടികളുടെ ചെറിയ യോഗങ്ങൾ മാത്രം നടക്കുന്ന ഇടമായി മാറാനായിരുന്നു പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിന്റെ വിധി.
40 വർഷത്തെ പഴക്കം
ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഏഴിന പരിപാടിയുടെ ഭാഗമായി 40 വർഷം മുമ്പാണ് പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. ഘട്ടം ഘട്ടമായാണ് ഭക്ഷണഹാളും അടുക്കളയുമൊക്കെ നിർമ്മിച്ചത്. മുഴക്കം കാരണം വർഷങ്ങളോളം ഇവിടെ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഹാളിലെ മുഴക്കത്തിന് പരിഹാരം കണ്ടെങ്കിലും മറ്റ് ഭൗതിക സൗകര്യങ്ങളൊന്നും മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.
ഈമാസം 25ന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗം കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യുന്നുണ്ട്. അടുത്ത വാർഷിക പദ്ധതിയിൽ അതിനുള്ള പണം വകയിരുത്തും.
കെ. സിന്ധു (കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
ശോച്യാവസ്ഥ
പൊളിഞ്ഞിളകിയ കുഷൻ കസേരകൾ
ഒടിഞ്ഞുമടങ്ങിയ കസേരക്കാലുകൾ
ശുചീകരണം പേരിന് മാത്രം
ദുർഗന്ധം വമിക്കുന്ന ശുചിമുറികൾ