zz
.മൂന്ന് തലപ്പുകളുള്ള തെങ്ങിൻ തൈയ്യുമായി ശ്രീലാൽ

പത്തനാപുരം: സാധാരണ ഒരു വിത്ത് തേങ്ങയിൽ നിന്ന് ഒരു തൈ മാത്രമാണ് മുളയ്ക്കുന്നതെങ്കിൽ മൂന്ന് തൈകളുമായി വിസ്മയക്കാഴ്ചയൊരുക്കുകയാണ് ആവണീശ്വരത്തെ ഒരു വീട്ടിൽ.കുന്നിക്കോട് ആവണീശ്വരം കൊപ്പാറയിൽ ശ്രീലാലിന്റെ കൃഷിയിടത്തിലാണ് ഒരു തേങ്ങയിൽ മൂന്ന് തൈകൾ കിളിർത്തത്.

ചെന്തെങ്ങ് ഇനത്തിൽപ്പെട്ട വിത്ത് തേങ്ങയിലാണ് ഈ പ്രതിഭാസം. ഒന്നര വർഷം മുമ്പാണ് ശ്രീലാൽ രണ്ട് വിത്ത് തേങ്ങകൾ പാകിയത്. ഇത് മുളയ്ക്കാൻ ഏറെ വൈകിയിരുന്നു. അതിനാൽ തന്നെ പിന്നീട് മൂന്ന് തലകളായി മുള പൊട്ടിയത് ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഓലകൾ കിളിർത്തതോടെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തൈകൾ ശ്രദ്ധയോടെ പിഴുതുമാറ്റി ചാക്കിൽ നടുകയായിരുന്നു. ഒരു വിത്തിൽ മൂന്ന് തലകളുണ്ടാവുക അപൂർവ്വമെന്നാണ് കാർഷികമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

അടുത്ത മഴക്കാലത്ത് തൈകൾ മാറ്റി നടാനാണ് വീട്ടുകാരുടെ തീരുമാനം മൂന്ന് തലപ്പുകളും ഒരേ രീതിയിൽ വളർന്ന് വരുന്നു മറ്റു തെങ്ങിൻ തൈകളെ അപേക്ഷിച്ച് വളർച്ച നിരക്ക് കുറവായാണ് കാണിക്കുന്നത്.

തലവൂർ ദേവീവിലാസം സ്‌കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഇലക്ട്രോണിക്‌സ് അദ്ധ്യാപകനാണ് ശ്രീലാൽ. പിതാവ് ചെല്ലപ്പൻ പിള്ള കൃഷി ഓഫീസറായിരുന്നു. സഹോദരൻ ഹരിലാലും കൃഷി ഓഫീസറാണ്.