photo
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ

കൊട്ടാരക്കര: കാത്തിരിപ്പിനൊടുവിൽ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമൊരുങ്ങുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽത്തന്നെ സെപ്ടിക് ടാങ്കിനായി പുതിയ കുഴിയെടുത്തു. ഈ ആഴ്ചതന്നെ ഇതുമായി ശൗചാലയങ്ങളുടെ പൈപ്പുകൾ യോജിപ്പിക്കും. ഒപ്പം ക്ളോസറ്റുകളും മറ്റും മാറ്റി സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷനിലെ ദുർഗന്ധം അകലുമെന്നാണ് പ്രതീക്ഷ.

നിലവിൽ മൂക്ക് പൊത്താതെ സിവിൽ സ്റ്റേഷനിൽ നിൽക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. സബ് ട്രഷറിയുടെ ഭാഗത്തായാണ് കൂടുതൽ ദുരിതം. ഇവിടെ ഭിത്തികളിൽക്കൂടി മലിന ജലം ഒലിച്ചിറങ്ങുന്ന സ്ഥിതിയുമുണ്ട്. ശൗചാലയങ്ങളിലെ വെള്ളം പുറത്ത് തളം കെട്ടി നിൽക്കുന്നതും ദുർഗന്ധം വമിക്കുന്നതും ഏറെക്കാലമായി തുടരുകയായിരുന്നു.

വഴിത്തിരിവായി കേരളകൗമുദി വാർത്ത

സിവിൽ സ്റ്റേഷനിലെത്തുന്നവരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഈ മാസം 8ന് "കോടികൾ മുടക്കി നിർമ്മിച്ച സിവിൽ സ്റ്റേഷനാണ് പക്ഷെ, മൂക്ക് പൊത്തണം" എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി അടിയന്തിര പരിഹാര നടപടികൾ കൈക്കൊണ്ടത്.

 സിവിൽ സ്റ്റേഷനിൽ പ്രശ്നങ്ങൾ ഇനിയും ബാക്കി

2018 ജൂലായ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സിവിൽ സ്റ്റേഷൻ ഒരു വർഷം തികയും മുമ്പുതന്നെ ചോർന്നൊലിക്കുന്നുവെന്ന പരാതിയുമുണ്ടായിരുന്നു. തുടർന്ന് ഫ്രണ്ട് ഓഫീസ് ഇവിടെ നിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനിടെ 7.30 കോടി രൂപ മുടക്കി അടുത്ത നിലയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. അപ്പോഴും സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നില്ല. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധം ശൗചാലയങ്ങൾ നിർമ്മിക്കണമെന്ന ആവശ്യം

അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് പരാതി.

ഉദ്ഘാടനം ചെയ്തത്: 2018ൽ

ചോർന്നൊലിക്കുന്നത്: 1 വർഷമായി

പുതിയ നിർമ്മാണം: 7.30 കോടി ചെലവിൽ