കരുനാഗപ്പള്ളി: വർത്തമാന കാലഘട്ടത്തിൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കനത്ത വെല്ലുവിളി നേരിടുകയാണെന്ന് അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ ഇന്നലത്തെ സമാപന സമ്മേളനം മുഴങ്ങോട്ട് വിള മത്സ്യ മാർക്കറ്റിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.
സംഘപരിവാർ ശക്തികളുടെ ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യക്തിസ്വാതന്ത്ര്യം പോലും രാജ്യത്ത് ഹനിക്കപ്പെടുകയാണ്. ഇതിനെതിരെ ഉയർന്നുവരുന്ന ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും എം.എൽ.എ പറഞ്ഞു.
യോഗത്തിൽ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്ടൻ അഡ്വ. ബിന്ദുകൃഷ്ണ, കെ.സി.രാജൻ, എം.എൻ.നസീർ, സി.ആർ.മഹേഷ്, കെ.ജി.രവി, മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ, ആർ.രാജശേഖരൻ, എം.അൻസാർ, അഡ്വ. എം.എ.ആസാജ്, തൊടിയൂർ രാമചന്ദ്രൻ, എം.ശിവരാമൻ, ബിന്ദുജയൻ, രമാഗോപാലകൃഷ്ണൻ, കബീർ എം.തീപ്പുര, രവി മൈനാഗപ്പള്ളി, സൗമൺ അലക്സ്, മുനമ്പത് ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ പാവുമ്പയിൽ നിന്നും ആരംഭിച്ച പദയാത്ര മണപ്പള്ളി, അരമത്തുമഠം, എ.വി.എച്ച്.എസ് ജംഗ്ഷൻ, വെളുത്തമണൽ, ഡ്രൈവർമുക്ക്, മാർകറ്റ് ആലുംമൂട് കരുനാഗപ്പള്ളി ടൗൺ എന്നിവിടങ്ങൾ ചുറ്റിയാണ് സമാപന സമ്മേളന നഗറിൽ എത്തിച്ചേർന്നത്. നൂറു കണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പദയാത്രയിൽ പങ്കാളികളായി.
പ്രക്ഷോഭ ജ്വാലയുടെ പന്മന ബ്ലോക്കുതല പര്യടനം ഇന്ന് ചവറ തെക്കുംഭാഗത്ത് ആരംഭിച്ച് വിവിധ മണ്ഡലങ്ങളിലൂടെ പ്രകടനം നടത്തി ഇടപ്പള്ളിക്കോട്ടയിൽ സമാപിക്കും. സമാപന സമ്മേളനം യു. ഡി. എഫ് കൺവീനർ ബെന്നി ബെഹ് നാൻ എം. പി ഉദ്ഘാടനം ചെയ്യും.