ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മൈനാഗപ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിന് മന്ത്രി അനുമതി നൽകിയെങ്കിലും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്. വേനൽ കനത്തതോടെ മൈനാഗപ്പള്ളിയുടെ വടക്കൻ മേഖലയിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. മൈനാഗപ്പള്ളിയിലെ 1, 2, 3 വാർഡുകളിലെയും ഇവനശ്ശേരി മേഖലയിലെയും ജനങ്ങളാണ് ദുരിതത്തിലായത്. കുട്ടിത്തറ, പാട്ടുപുരയ്ക്കൽ, ആത്മാവ് മുക്ക് എന്നീ മേഖലകളിൽ പ്രത്യേക കുടിവെള്ള പദ്ധതികളുണ്ടായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതിന്റെ കാരണം വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണെന്നാണ് പരാതി.
കെ.എ.പി കനാൽ തുറന്നു വിട്ടാലും....
കെ.എ.പി കനാൽ തുറന്നു വിട്ടാലും വടക്കൻ മൈനാഗപ്പള്ളിക്ക് കാര്യമായ പ്രയോജനമില്ല. കെ.എ.പി കനാൽ കടന്നു പോകുന്ന പള്ളിശ്ശേരിക്കലിൽ ഇപ്പോഴും റോഡിനു കുറുകെയാണ് പൈപ്പിട്ടിരിക്കുന്നത്. അതിനാൽ നേരിയ തോതിലാണ് ജലം തുറന്നു വിടുന്നത്. പള്ളിശേരിക്കലിൽ കലുങ്ക് നിർമ്മിക്കുന്നതിന് നിരവധി തവണ ടെണ്ടർ വിളിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. പള്ളിശ്ശേരിക്കലിൽ കലുങ്ക് നിർമ്മിക്കാതെ കെ.എ.പി കനാലിലൂടെ വൻ തോതിൽ ജലം തുറന്നു വിടാനുമാവില്ല. അത് കൊണ്ട് വടക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറൻ മേഖല വരെ കനാൽ ജലം എത്തില്ല. ഇതോടെ വടക്കൻ മൈനാഗപ്പള്ളിക്കാർ കുടിവെള്ളത്തിനായി പരക്കം പായുന്ന സ്ഥിതിയാണ്. നിലവിലെ പമ്പിംഗ് സമയത്തിൽ മാറ്റം വരുത്തി ജലം എല്ലാ ഭാഗത്തും എത്തുന്ന തരത്തിൽ തിരിച്ചുവിടുന്നതിനാവശ്യമായ നടപടി ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ടാങ്ക് നിർമ്മിക്കുന്നില്ല
കുടിവെള്ള പദ്ധതികൾക്കായി ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഉണ്ടായിട്ടും ടാങ്ക് നിർമ്മിക്കാൻ ജല അതോറിറ്റി തയ്യാറാകുന്നില്ല. മണിക്കൂറുകളോളം ജലം പമ്പ് ചെയ്യുന്നതിനാൽ പമ്പ് തകരാറിലാവുന്നതും പതിവാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തിനാൽ പലയിടങ്ങളിലും പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലം പാഴാകുന്നുണ്ട്. ഇതാണ് പല പ്രദേശങ്ങളിലും ജലമെത്തുന്നില്ലെന്ന പരാതി ഉയരാൻ കാരണം.