road
പുനരുദ്ധരിച്ച കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി - മാർക്കറ്റ് റോഡ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്ത് മാസങ്ങളായി തകർന്ന് കിടന്ന കെ.എസ്.ആർ.ടി.സി - മാർക്കറ്റ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായി. കാലവർഷത്തിൽ തകർന്ന് പോയ റോഡ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കുകയായിരുന്നു. ടൗണിൽ ഏറ്റുവുമധികം വാഹനത്തിരക്കുള്ള റോഡിനാണ് ശാപമോക്ഷം ലഭിച്ചത്. ശാസ്താംകോട്ട ഭാഗത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഈ റോഡിലൂടെ സഞ്ചരിച്ചാണ് ദേശീയപാതയിൽ എത്തുന്നത്.

റോഡിലെ വെള്ളക്കെട്ടായിരുന്നു യാത്രക്കാരെ വലച്ച പ്രധാന പ്രശ്നം. നിലവിൽ റോഡ് ഉയർത്തിയാണ് പുനരുദ്ധരിച്ചിരിക്കുന്നത്. ഇതോടെ വെള്ളക്കെട്ടിനെ റോഡിന് അതിജീവിക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഒന്നിലധികം റോഡുകളുടെ പുനരുദ്ധാരണ പട്ടികയിൽ പെടുത്തിയാണ് റോഡിന്റെ പുനർനിർമ്മാണം നടത്തിയത്. റോഡിലെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴുവാക്കുന്നതിനായി മുൻസിപ്പാലിറ്റി മുൻകെ എടുത്ത് പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

രക്ഷപ്പെട്ടത് ഇവർ

ശ്രീ വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജ്, തോവർകാവ് ദേവീ ക്ഷേത്രം, എം.ജി.ഐ.ടി.സി, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, എൽ.ഐ.സി കരുനാഗപ്പള്ളി ബ്രാഞ്ച് ഓഫീസ്, മാർക്കറ്റിലെ മുസ്ലീം പള്ളി തുടങ്ങിയ ആരാധനാലയങ്ങളും നിരവധി സ്ഥാപനങ്ങളുമാണ് വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടത്. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരളകൗമുദി പലപ്രാവശ്യവും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.