കരുനാഗപ്പള്ളി : ആളില്ലാതിരുന്ന വീട്ടിലെ സി.സി.ടി.വി ക്യാമറ തകർത്തശേഷം കയറിയ മോഷ്ടാക്കൾ പതിനഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർന്നു. കരുനാഗപ്പള്ളി,പടനായർകുളങ്ങര വടക്ക് വായാറത്ത് പള്ളിക്ക് സമീപം മോഴിയിൽ അബ്ദുൽ ജബ്ബാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച അബ്ദുൽ ജബ്ബാറും കുടുംബവും ഭാര്യവീട്ടിൽ പോയിരുന്നു. ഞായറാഴ്ച്ച സന്ധ്യയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. . അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരങ്ങളുമാണ് മോഷണം പോയത്. വീട്ടിലെ മുഴുവൻ സാധനങ്ങളും തുണികളും അടുക്കളമുറിയിലെ സാധനങ്ങളും വാരിവലിച്ചു പരിശോധിച്ച നിലയിലായിരുന്നു.
കരുനാഗപ്പള്ളി പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.