thollok
കൊട്ടാരക്കര താലൂക്ക് ആശുപത്രി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിഫ്ബി ധനസഹായമായി 67.67 കോടി രൂപ. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക വിനിയോഗിക്കുക. അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് കെട്ടിടങ്ങൾ പുതുതായി നിർമിക്കും. ഇവയിൽ ഒന്ന് 10 നിലയായിരിക്കും.
നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്, 10 നിലയുള്ള വാർഡ് ടവർ എന്നിവയാണ് നിർമിക്കുക. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കും.
രാജ്യാന്തര നിലവാര പ്രകാരമാണ് കെട്ടിടങ്ങളുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. എട്ട് ലിഫ്റ്റുകൾ ഇവിടെ സജ്ജീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതിൽ, റോഡ് വേ, നടപ്പാത എന്നിവയുമുണ്ടാകും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് 67.67 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയത്. രണ്ടാംഘട്ടമായി അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുകയും ലഭിക്കുമെന്ന് പി. അയിഷാ പോറ്റി എം.എൽ.എ പറഞ്ഞു.