കൊല്ലം: പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേരു ചേർക്കാം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവയ്ക്കും അവസരം ലഭിക്കും.
പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും(ഫാറം 4) തിരുത്തൽ വരുത്തുന്നതിനും(ഫോം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും(ഫോം 7) ഓൺലൈൻ അപേക്ഷയാണ് സമർപ്പിക്കേണ്ടത്. പേര് ഒഴിവാക്കുന്നതിന് ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in സൈറ്റിലാണ് സമർപ്പിക്കേണ്ടത്.
വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. www.lsgelection.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. അംഗീകൃത ദേശീയ പാർട്ടികൾക്കും സംസ്ഥാന പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ പകർപ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ.
അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകൾ സമർപ്പിക്കാം. പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ സംബന്ധിച്ച് നഗരകാര്യ റീജിയണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.