കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിനായി ശക്തമായ പരിശീലനത്തിലാണ് കേരള ടീം. ബംഗളുരു 'സായി' യിൽ പുതിയ കോച്ച് ശങ്കർ ടോൾമാട്ടിയുടെ ശിക്ഷണത്തിലാണ് ടീം. കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ കാത്തിരിക്കുകയാണ് കേരളത്തിന്റെ മിടുക്കികൾ. കഴിഞ്ഞ വർഷം പഞ്ചാബിനോട് അടിയറവ് പറഞ്ഞ് മടങ്ങിയ കേരളത്തിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇത്തവണ സ്വന്തം നാട്ടിൽ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങൾ. കൊല്ലത്ത് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 21 മികച്ച കായിക താരങ്ങളാണ് മുൻ ഇന്ത്യൻ ടീം കോച്ച് കൂടിയായ ശങ്കറിന്റെ കീഴിൽ പരിശീലനം നടത്തുന്നത്.
പതിനെട്ട് പേരെയാണ് ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ടീം ക്യാപ്ടനെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ടീമിന് നൽകുന്ന എല്ലാ സൗകര്യങ്ങളും ചിട്ടയായ പരിശീലനവും നൽകി മികച്ച ടീമുമായാണ് കേരളം കളിക്കാനിറങ്ങുന്നത്. 29ന് ടീംകൊല്ലത്തെത്തും. ആദ്യ മത്സരത്തിലെ എതിരാളികൾ ഒഡീഷയാണ്. കെ.എം. ആര്യ, സി. സിനി, കഴിഞ്ഞ ജൂനിയർ ടീം മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയ വി.എച്ച്. സരിഗ, പി.എസ്. അർച്ചന, പി.എസ്. ആതിര എന്നിവരാണ് ടീമിന്റെ നെടുംതൂണുകളെന്ന് ടീം മാനേജർ ആര്യ രവി പറഞ്ഞു.