ഫ്ലാറ്റുകൾ സൗജന്യമായി നിർമ്മിച്ച് നൽകുന്നത് ആർ.പി ഫൗണ്ടേഷൻ
കൊല്ലം: കൊല്ലം നഗരത്തിലെ 200 ഭവനരഹിത, ഭൂരഹിത കുടുംബങ്ങൾക്ക് വസൂരിച്ചിറയിൽ വൈകാതെ സ്വപ്ന ഭവനമൊരുങ്ങും. പ്രമുഖ വ്യവസായി രവിപിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി ഫൗണ്ടേഷനാണ് സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി 200 വീടുകൾ നിർമ്മിച്ച് നൽകുന്നത്.
വസൂരിച്ചിറയിൽ ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ശേഷിക്കുന്ന 2.10 എക്കർ സ്ഥലത്താകും ഫ്ലാറ്റുകൾ നിർമ്മിക്കുക. നഗരസഭാ കൗൺസിൽ യോഗം ചർച്ച ചെയ്ത് സ്ഥലം ഫ്ലാറ്റ് നിർമ്മാണത്തിന് ലൈഫ് മിഷന് കൈമാറാൻ തീരുമാനമെടുക്കും. രവിപിള്ള മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകാനുള്ള താല്പര്യം അറിയിച്ചത്. തുടർന്ന് ഒരാഴ്ച മുൻപ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് വസൂരിച്ചിറയിൽ ഫ്ലാറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
നഗരസഭ ഭൂമി കൈമാറിയാലുടൻ ഫ്ലാറ്റുകളുടെ രൂപരേഖ തയ്യാറാക്കാനുള്ള നടപടി തുടങ്ങും. ലൈഫ് പദ്ധതിയുടെ പൊതുമാനദണ്ഡ പ്രകാരം 380 മുതൽ 420 ചതുരശ്രയടി വരെയാകും ഒരു ഫ്ലാറ്റിന്റെ വിസ്തീർണം. ഭൂനിരപ്പിലുള്ളതിന് പുറമേ മൂന്ന് നിലകളിൽ അധികമുള്ള ഫ്ലാറ്റുകളാണെങ്കിൽ ലിഫ്റ്റ് സൗകര്യം ഉണ്ടാകും. സ്ഥലസൗകര്യം അനുസരിച്ചാകും നിലകളുടെ എണ്ണം തീരുമാനിക്കുക. ഇതിനുശേഷമേ ചെലവ് കൃത്യമായി കണക്കാക്കാനാകൂ. അങ്കണവാടി, ക്രഷ്, വായനശാല, കളിസ്ഥലം, ഓപ്പൺ സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളും ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന് പൊതുവായി നിർമ്മിക്കും.
ഒരു ഫ്ലാറ്റിൽ
രണ്ട് കിടപ്പ് മുറികൾ
അടുക്കള
ശുചിമുറി
ഹാൾ
" വസൂരിച്ചിറിയിൽ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ലൈഫ് മിഷൻ അധികൃതരും നഗരസഭാ പ്രതിനിധികളും സംയുക്തമായി സ്ഥലപരിശോധന നടത്തിയിരുന്നു. കൗൺസിൽ യോഗത്തിൽ ഭൂമി കൈമാറുന്ന കാര്യം അംഗീകരിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കും."
എസ്. ഗീതാകുമാരി,
ഡെപ്യൂട്ടി മേയർ