district-hospital
കൊല്ലം ജില്ലാ ആശുപത്രിയിലെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ്

 ബേൺസ് വാർഡിനോട് ചേർന്ന് പ്ളാന്റ് സ്ഥാപിച്ചത് വിനയായി

കൊല്ലം: ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ് പ്ളാന്റുകൾ നോക്കുകുത്തിയാകുമ്പോൾ ജില്ലാ ആശുപത്രിയിലെ ഭക്ഷണാവശിഷ്ടം അടക്കമുള്ള മാലിന്യം മാസംതോറും പണം നൽകി സ്വകാര്യവ്യക്തിയെക്കൊണ്ട് നീക്കം ചെയ്യിക്കുന്നു. ലക്ഷ്യബോധമില്ലാതെ വാർഡുകളോട് ചേർന്ന് പ്ലാന്റുകൾ സ്ഥാപിച്ചതാണ് ഈ അവസ്ഥ സൃഷ്ടിച്ചത്.

ജില്ലാ ആശുപത്രിയിൽ ഒരു ദിവസം 500 കിലോ ഭക്ഷണാവശിഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇവ വാർഡുകളിൽ വച്ച് തന്നെ വേർതിരിച്ച് മാസം 7000 രൂപ സ്വകാര്യവ്യക്തിക്ക് നൽകിയാണ് നീക്കം ചെയ്യുന്നത്.

 സാങ്കേതിക ജ്ഞാനമുള്ള തൊഴിലാളികളുമില്ല

2017ലാണ് ജില്ലാ ആശുപത്രിയിലെ ബേൺസ് വാർഡിനോട് ചേർന്ന് പത്ത് എയ്റോബിക് യൂണിറ്റുകൾ സ്ഥാപിച്ചത്. പക്ഷെ പ്ലാന്റിന്റെ പരിപാലനത്തിനായി സാങ്കേതികജ്ഞാനമുള്ള തൊഴിലാളികളെ നിയോഗിച്ചില്ല. ആശുപത്രിയിലെ തൊഴിലാളികൾക്കും ഇതുസംബന്ധിച്ച് പരിശീലനം നൽകിയില്ല. ഇതോടെ മാലിന്യം നിക്ഷേപിച്ച ആദ്യ ദിവസങ്ങളിൽ തന്നെ വാർഡുകളിലേക്ക് അസഹ്യമായ ദുർഗന്ധം പരന്നുതുടങ്ങി. മാലിന്യം ചീഞ്ഞഴുകി ബേൺസ് വാർഡിലും തൊട്ടടുത്തുള്ള ബ്ലഡ് ബാങ്കിലും അണുബാധാ ഭീഷണിയും ഉയർന്നു. ഇതോടെ പ്ലാന്റുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ദിവസങ്ങൾക്കുള്ളിൽ നിറുത്തിവയ്ക്കുകയായിരുന്നു.

 ബ്ളഡ് ബാങ്കിന്റെ ലൈസൻസും ഭീഷണിയിൽ

എയ്റോബിക് പ്ലാന്റ് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നത് ബ്ളഡ് ബാങ്കിന്റെ ലൈസൻസ് പുതുക്കി ലഭിക്കാനും തടസമായി നിൽക്കുകയാണ്. പരിപാലനത്തിന് ഇനി തൊഴിലാളികളെ നിയോഗിച്ചാലും പ്രവർത്തിപ്പിക്കാനാകാത്ത വിധം പ്ലാന്റുകളിലെ കോൺക്രീറ്റ് ബാറുകളും പൊളിഞ്ഞ് നിലംപതിച്ചിരിക്കുകയാണ്.

 മാറ്റി സ്ഥാപിക്കാനും നിർവാഹമില്ല

തകർന്ന പ്ലാന്റുകൾ നന്നാക്കി മാറ്റി സ്ഥാപിക്കാൻ ജില്ലാആശുപത്രി അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാറിൽ മാസവും തീയതിയും അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ നിയമനടപടി സ്വീകരിക്കാനും കഴിയാത്ത അവസ്ഥയാണ്.

'' അനുയോജ്യമായ സ്ഥലത്തല്ല പ്ലാന്റുകൾ സ്ഥാപിച്ചത്. ബേൺസ് വാർഡിലടക്കം അണുബാധാ ഭീഷണി ഉയർന്നതോടെയാണ് പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവച്ചത്.''

ഡോ. വസന്തദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട്

 പാഴായത് 5 ലക്ഷം രൂപ

 10 എയ്റോബിക് യൂണിറ്റുകൾ

 സ്ഥാപിച്ചത് 2017ൽ