ഓച്ചിറ : പൗരത്വഭേദഗതി നിയമത്തിനെതിരെ റിപ്പബ്ളിക്ക് ദിനത്തിൽ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർത്ഥം നടത്തുന്ന കിഴക്കൻ മേഖലാ വാഹന ജാഥയുടെ ഉദ്ഘാടനം ഓച്ചിറയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പൗരത്വ ബിൽ ഭരണഘടനയുടെ മൂല്യങ്ങളെ തകർക്കുമെന്നും ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയും കുറിച്ചു ബി.ജെ.പിക്കുള്ള അജ്ഞതയാണ് പൗരത്വ ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ, കെ. വരദരാജൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പി.ആർ. വസന്തൻ, ഗോപൻ, ആർ. സോമൻപിള്ള, എം. ശിവശങ്കരപിള്ള, ജയകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ജാഥാ ക്യാപ്ടൻ ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്ക്, കെ.എൻ. ബാലഗോപാൽ പതാക കൈമാറി. കിഴക്കൻ മേഖലാ ജാഥയിൽ കെ. വരദരാജൻ, സൂസൻകോടി, മോഹൻദാസ് രാജധാനി, ആർ.കെ. ശശിധരൻപിള്ള, കെ. ധർമ്മരാജൻ, ബൈജു പൂക്കുട്ടി, എ. ഷാജു, എ. എം. ഷെറീഫ്, സക്കീർ വവ്വാക്കാവ്, എസ്. അജയകുമാർ, ബാബു ചക്കുവള്ളി എന്നിവർ പങ്കെടുക്കും.