കൊല്ലം: ജില്ലാ ആശുപത്രി അധികൃതരും ജില്ലാ പഞ്ചായത്തും ഒന്നരവർഷത്തോളം മറന്നിട്ടിരുന്ന മാമോഗ്രാഫി യൂണിറ്റ് ഫെബ്രുവരി 2 മുതൽ പ്രവർത്തനം തുടങ്ങും. പണം നൽകി രണ്ട് വർഷമായിട്ടും ജില്ലാ ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പൂർണമായും എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ തുടർവാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്.
ജില്ലാ പഞ്ചായത്ത് 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി മുറി സജ്ജമാക്കുകയും ചെയ്തു. 2018 ഫെബ്രുവരി 19ന് സംസ്ഥാന സർക്കാർ ഏജൻസിയായ കെ.എം.എസ്.സി.എല്ലിന്റെ ബാങ്ക് അക്കൗണ്ടിൽ 31,88774 രൂപ നിക്ഷേപിച്ച് സപ്ലൈ ഓർഡറും നൽകി. പിന്നീട് ഒന്നരവർഷത്തോളം ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രി അധികൃതരും പണം കൈപ്പറ്റിയ കെ.എം.എസ്.സി.എല്ലിനോട് വിവരം തിരക്കിയതേയില്ല.
അടുത്തിടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വിഷയം ഉയർന്നതോടെയാണ് കെ.എം.എസ്.സി.എല്ലിനെ ബന്ധപ്പെട്ട് കുറച്ച് ഉപകരണങ്ങൾ എത്തിച്ചത്. വീണ്ടും നിദ്രയയിലായ ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസങ്ങളിലാണ് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള സി.ഡി അടക്കം കെ.എം.എസ്.സി.എല്ലിൽ നിന്നും ചോദിച്ച് വാങ്ങിയത്.
ജീവനക്കാർക്ക് പരിശീലനം നൽകും
വെള്ളിയാഴ്ച യന്ത്രം പൂർണമായും സ്ഥാപിച്ച് ജീവനക്കാർക്ക് പരിശീലനം നൽകും. ഉടൻ തന്നെ എച്ച്.എം.സി യോഗം ചേർന്ന് മാമോഗ്രാമിനുള്ള നിരക്ക് നിശ്ചയിക്കും. മന്ത്രി കെ.കെ. ശൈലജയാകും യൂണിറ്റ് ഉദ്ഘാടനം ചെയ്യുക. ജില്ലാ ആശുപത്രിയിൽ സജ്ജമായ സ്ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും.ജില്ലാ ആശുപത്രിയിലെ ഒ.പിയിൽ കാൻസർ രോഗവുമായി ബന്ധപ്പെട്ട് പ്രതിദിനം 60 രോഗികളെങ്കിലും എത്താറുണ്ട്. ഇവരെല്ലാം 2000 രൂപ വരെ നൽകി സ്വകാര്യ ലാബുകളിലാണ് ഇപ്പോൾ മാമോഗ്രാം പരിശോധന നടത്തുന്നത്.
പദ്ധതി ആരംഭിച്ചത്: 2017-18ൽ
നൽകിയത്: 31,88774 രൂപ
എത്തുന്നത്: 60ഓളം രോഗികൾ
ലാബുകൾ ഈടാക്കുന്നത്: 2000 രൂപ