palam
ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലത്തിലെ ജനത്തിരക്ക്

പുനലൂർ: ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതിനാൽ പാലത്തിലെത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൂക്കുപാലത്തിന്റെ നവീകരണ വേളയിൽ പാലത്തിന്റെ ഉപരി തലങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഇരിക്കാൻ ഇരിപ്പിടങ്ങൾ പണിയുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നവീകരണ പ്രവർത്തനം പൂർത്തിയാക്കി പത്ത് മാസം മുമ്പ് തൂക്കുപാലം സഞ്ചാരികൾക്കായി തുറന്നുനൽകിയെങ്കിലും ഇരിപ്പിടങ്ങളുടെ നിർമ്മാണം അധികൃതർ ഉപേക്ഷിച്ച മട്ടാണ്. തൂക്കുപാലത്തിന്റെ മനോഹാരിത നേരിൽക്കണ്ട് ആസ്വദിക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ഇരിപ്പിടങ്ങളില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും പുനലൂരിലെ തൂക്കുപാലം സന്ദർശിക്കാനെത്തുന്നത്. വൈകിട്ട് നാല് മണിക്കു ശേഷമാണ് പാലത്തിൽ തിരക്കേറുന്നത്.

പുനലൂർ തൂക്ക് പാലം

1877ൽ ബ്രിട്ടീഷുകാരുടെ ഭരണ കാലത്താണ് കല്ലടയാറിന് മദ്ധ്യേ ചരിത്ര സ്മരകമായ പുനലൂർ തൂക്ക് പാലം പണിതത്. പാലത്തിന്റെ രണ്ട് കരകളിലും സ്ഥാപിച്ച നാല് കിണറുകളിലാണ് തൂക്ക് പാലത്തിന്റെ കൂറ്റൻ ഉരുക്ക് ചങ്ങലകൾ ബന്ധിപ്പിച്ചിരിക്കുന്നത്. പാലത്തിൽ പ്രവേശനം സൗജന്യമാക്കിയതോടെ വിദ്യാർത്ഥികൾ അടക്കമുളളവരുടെ വൻ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ഓണം, ക്രിസ്മസ് അടക്കമുളള വിശേഷ ദിവസങ്ങൾക്ക് പുറമേ അവധി ദിവസങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ആകെയുള്ളത് 4 ബെഞ്ചുകൾ

പാലത്തിന്റെ രണ്ട് കരകളിലും ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പണിത നാല് ബെഞ്ചുകളല്ലാതെ പുതിയ ഇരിപ്പിടങ്ങൾ പണിയാൻ അധികൃതർ തയ്യാറാകാത്തതാണ് സ‌ഞ്ചാരികൾക്ക് ബുദ്ധിമുട്ടാകുന്നത്. ദൂര ദേശങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾ മണിക്കൂറുകളോളമാണ് തൂക്കുപാലത്തിന്റെ ദൃശ്യഭംഗി ആശ്വസിക്കാനായി ചെലവിടുന്നത്. ക്ഷീണിതരാകുന്ന സഞ്ചാരികൾ പാലത്തിന്റെ ഉപരിതലത്തിൽ നിരത്തിയിരിക്കുന്ന പലകകളിലാണ് ഇരിക്കുന്നത്. പാലത്തിനുള്ളിലെ ഉപരി തലങ്ങളിൽ രണ്ട് വരിയിൽ ഇരിപ്പിടങ്ങൾ പണിതാൽ ടൂറിസ്റ്റുകളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

10 മാസം മുമ്പ് ചെലവഴിച്ചത് 1.25 കോടി രൂപ

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുളള തൂക്കുപാലം നാശത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് പത്ത് മാസം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. പാലത്തിൻെറ ഉപരി തലത്തിലെ പഴയ പലകകൾ മാറ്റി പുതിയവ സ്ഥാപിക്കുകയും, പാലത്തിലെ കരിങ്കൽ ആർച്ചിൽ തൂക്കിയിട്ടിരിക്കുന്ന കൂറ്റൻ ചങ്ങലകളും മറ്റും ചായം പൂശി മോടി പിടിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം പാലത്തിലും രണ്ട് കരകളിലും അലങ്കാര ലൈറ്റുകളും പാലത്തിന്റെ കൂറ്റൻ കൈവരികളിൽ ഇരുമ്പ് വലകളും സ്ഥാപിച്ചു. എന്നാൽ വിനോദസഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ പണിയാൻ അധികൃതർ തയ്യാറായില്ല.