കൊല്ലം: മരത്തിൽ നിന്ന് വീണതിനെ തുടർന്ന് വർഷങ്ങളായി അരയ്ക്ക് താഴെ തളർന്നുകിടക്കുന്ന ഗൃഹനാഥൻ സുമനസുകളുടെ കനിവ് തേടുന്നു. കരിക്കോട് പുലരിനഗർ വയലിൽ പുത്തൻവീട്ടിൽ സുരേഷ് ബാബുവാണ് (50) കഴിഞ്ഞ മൂന്നര വർഷമായി ദുരിതം ജീവിതം നയിക്കുന്നത്. ഭാര്യയും പതിമൂന്നും പതിനാറും വയസുള്ള രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇദ്ദേഹം. വിധിയുടെ വിളയാട്ടത്തിൽ ഇവർക്ക് നഷ്ടമായത് കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമായിരുന്നു.
ജോലിക്കിടയിലാണ് കുരീപ്പള്ളിയിൽ വച്ച് സുരേഷ്ബാബുവിന് അത്യാഹിതം സംഭവിച്ചത്. ഇതോടെ വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസവുമടക്കം പ്രതിസന്ധിയിലായി. ഭാര്യ സുലതയ്ക്കും ജോലിയില്ലാത്തതിനാൽ തീർത്തും ബുദ്ധിമുട്ടിലാണിവർ. അപകടത്തിനെ തുടർന്ന് നട്ടെല്ലിന് കമ്പി ഇട്ടിട്ടുള്ള സുരേഷ് ബാബുവിന്റെ ആരോഗ്യസ്ഥിതിയും മോശമാണ്. നട്ടെല്ലിലെ കമ്പി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുമ്പോഴാണ് അടിയന്തരമായി ഹെർണിയയുടെ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. നട്ടെല്ലിലെ കമ്പി ഇപ്പോൾ പുറത്തേക്ക് വന്ന അവസ്ഥയിലാണ്. അടിയന്തരമായി ആശുപത്രിയിലെത്തിച്ച് കമ്പി മാറ്റിയില്ലെങ്കിൽ അവസ്ഥ കൂടുതൽ സങ്കീർണമാകും. നിത്യവൃത്തിക്കുപോലും പണമ്ലിലാതെ വലയുന്ന ഇവർക്ക് ആശുപത്രി ചെലവിനായി സുമനസുകൾ മാത്രമാണ് ആശ്രയം. ഇതിനായി എസ്.ബി.ഐ കരിക്കോട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 38946609379. ഐ.എഫ്.എസ്.സി കോഡ് : SBIN0070870. ഫോൺ: 6282073288.