magic

കൊട്ടാരക്കര: കൊല്ലത്ത് മാജിക് മഷ്റൂമുമായി മൂന്ന് യുവാക്കൾ പിടിയിലായതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി എക്സൈസ്.

പ്രതികളിലൊരാൾ ബംഗളുരുവിലെ പഠനകാലത്ത് മഷ്റൂം ഉപയോഗിച്ചിരുന്നു. ഇത് നാട്ടിലെ കൂട്ടുകാർക്ക് എത്തിച്ചുനൽകിയിരുന്നതിനിടെയാണ് പിടിയിലായത് വിദ്യാ‌ർത്ഥികളും യുവാക്കളുമടക്കം കൂടുതൽ പേർ മഷ്റൂം ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യമായത്. കേരളത്തിൽ ഇവയെത്തുന്ന കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.

ഏജന്റുമാർ മുഖേനയാണ് കേരളത്തിലേക്ക് മഷ്റൂം എത്തുന്നത്. ഉപയോഗിക്കുന്നവർ ഏജന്റുമാരായി മാറുന്നുമുണ്ട്. സ്കൂൾ, കോളേജ് കേന്ദ്രീകരിച്ചാണ് കൂടുതൽ വിൽപ്പന. ചോക്ളേറ്റിനും തേനിനുമൊപ്പം ചവച്ച് തിന്നുന്നതാണ് രീതി. ഓംലെറ്റിൽ പൊടിച്ച് ചേർത്തും കഴിക്കാറുണ്ട്. മറ്റ് ആഹാര സാധനങ്ങൾക്കൊപ്പം ചേർത്താലും ലഹരിക്ക് കുറവുണ്ടാകില്ല. മഷ്റൂം മാത്രം കഴിക്കുന്നവരുമുണ്ട്. കഴിച്ചാൽ നിമിഷങ്ങൾക്കകം ലഹരിയുടെ പിടിയിലാകും അത് വിട്ടൊഴിയാൻ 24 മണിക്കൂർ വേണ്ടിവരുമെന്നാണ് ഉപയോഗിച്ചവർ വെളിപ്പെടുത്തിയത്.

ഇതാണ് മഷ്റൂം എന്ന വില്ലൻ

സൈലോസൈബിൻ, സൈലോസിൻ, ബെയോസിസ്റ്റ് തുടങ്ങിയ രാസപദാർത്ഥങ്ങളാണ് പ്രധാനമായും മാജിക് മഷ്റൂമിൽ അടങ്ങിയിട്ടുള്ളത്. കാഴ്ചയിൽ സാധാരണ കൂണാണ്. ഉണക്കിയെടുത്താണ് ഉപയോഗിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് ലഹരി. മന്ദത, ഹാലൂസിനേഷൻ, ശ്രദ്ധയില്ലായ്മ, അതിയായ ഉത്കണ്ഠ എന്നിവയുണ്ടാക്കും. അമിതമായ ഉപയോഗം തലച്ചോറിനെയും കിഡ്നിയെയും ദോഷകരമായി ബാധിക്കും. കാൻസറിനും കാരണമാകുന്നുണ്ട്. മനോരോഗത്തിലേക്ക് തള്ളിവിടുന്നതിനൊപ്പം അക്രമവാസന, ആത്മഹത്യാ പ്രവണത എന്നിവയുമുണ്ടാകാം. നിയന്ത്രിതമായ രീതിയിൽ മഷ്റൂം വിഷാദ രോഗത്തിന് മരുന്നായി ഉപയോഗിക്കാറുണ്ടെങ്കിലും കൃത്യമല്ലാത്ത ഉപയോഗം അപകടകരമാണ്.

കൃഷിചെയ്യുന്നത് ഹിൽ സ്റ്റേഷനുകളിൽ

ആർദ്രത കൂടിയ വനങ്ങളിലും തണുപ്പുള്ള ഉയർന്ന സ്ഥലങ്ങളിലുമാണ് മാജിക് മഷ്റൂം ധാരാളമായി കണ്ടുവരുന്നത്. തനിയേ വളരുന്നതാണ് ഈ കൂണുകൾ. ഉയർന്ന ലഹരി തരുന്ന മാജിക് മഷ്റൂമിന് ആവശ്യക്കാർ ഏറിയതോടെ രഹസ്യമായി കൃഷി ചെയ്യുന്ന ഇടങ്ങളുമുണ്ട്. തെക്കേ ഇന്ത്യയിലെ മലയോര മേഖലകളിൽ മഷ്റൂം വൻ തോതിൽ വിൽപ്പന നടത്തുന്നുണ്ട്. കൊടൈക്കനാലാണ് ഇതിൽ പ്രധാനം. കേരളത്തിലേക്ക് മാജിക് മഷ്റൂം എത്തിച്ച് കൊടുക്കുന്നത് ഇവിടെ നിന്നുള്ള ഏജന്റുമാരാണ്.

അഞ്ച് ഗ്രാമിന് വില 10000

സംസ്ഥാനത്ത് മാജിക് മഷ്റൂമിന്റെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്നാണ് റിർപ്പോർട്ടുകൾ. ഉപയോഗിച്ചവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. വാഹന പരിശോധനയിൽ പൊലീസിന് പോലും മഷ്റൂം ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്നില്ല. അഞ്ച് ഗ്രാമിന് പതിനായിരം രൂപ വിലയുണ്ടെന്നാണ് കൊല്ലത്ത് പിടിയിലായവർ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

ചിരിച്ചുകൊണ്ട് പറക്കാം

ലഹരിയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യുവാക്കളുടെ സഞ്ചാരമാണ് മാജിക് മഷ്റൂമിന് പ്രിയമേറാൻ കാരണം. തേനിനൊപ്പം കഴിക്കാനാണ് ഇവിടുത്തെ യുവാക്കൾക്ക് ഇഷ്ടം. കഞ്ചാവിനെക്കാളും കറുപ്പിനെക്കാളും ഇരട്ടി ലഹരിയാണ് ഇത് നൽകുന്നത്. തലച്ചോറിനെ നേരിട്ട് ലഹരി ബാധിക്കുകയാണ്. കഴിച്ച് 30 മിനിട്ടിനകം ഇതിന്റെ പ്രവർത്തനം തുടങ്ങും. അത് ഏറെ നേരം നീണ്ടുനിൽക്കും. ഇതാണ് യുവാക്കളെ മഷ്റൂമിലേക്ക് ആകർഷിക്കുന്നത്.