photo
എൽ.ഡി.എഫ് കിഴക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഭരണഘടനാ വിരുദ്ധമായി കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭാരതത്തിന്റെ മതേതരത്വത്തെ തകർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു. 26 ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശ്രൃംഖലയുടെ പ്രചാരണാർത്ഥം ആർ. രാമചന്ദ്രൻ എം.എൽ.എ നയിക്കുന്ന കിഴക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം ഓച്ചിറ ട്രാൻസ്പോർട്ട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ആർ.എസ്.എസ്, സംഘപരിവാർ ശക്തികളാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലു വിളിക്കുകയാണെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സമ്മേളനത്തിൽ വെച്ച് ചെങ്കൊടി കെ.എൻ. ബാലഗോപാൽ ജാഥാക്യാപ്ടൻ ആർ. രാമചന്ദ്രന് കൈമാറി. യോഗത്തിൽ പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ. വരദരാജൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, സൂസൻകോടി, ചിഞ്ചുറാണി, പി.ആർ. വസന്തൻ, അഡ്വ. ബി. ഗോപൻ, വിജയമ്മ ലാലി, സോമൻപിള്ള, എം. ശിവശങ്കരപ്പിള്ള, ജെ. ജയകൃഷ്ണപിള്ള, പി.കെ. ബാലചന്ദ്രൻ, കരുമ്പാലിൽ സദാനന്ദൻ തിടങ്ങിയവർ പ്രസംഗിച്ചു.