waste

 ഖരമാലിന്യം സംസ്കരിച്ച് വൈദ്യുതിയാക്കും

 കമ്പനിയുടെ സാങ്കേതിക, സാമ്പത്തിക കരാറുകൾ അംഗീകരിച്ചു

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'മാലിന്യത്തിൽ നിന്ന് ഊർജ്ജം' പദ്ധതിയുടെ കരാർ രണ്ട് മാസത്തിനകം ഒപ്പിടും. പദ്ധതി മൂന്നാം തവണ ടെണ്ടർ ചെയ്തപ്പോൾ ആകെ പങ്കെടുത്ത സൊണാട്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റ‌ഡ് എന്ന കമ്പനിയുടെ സാങ്കേതിക, സാമ്പത്തിക ബിഡുകൾ നോഡൽ ഏജൻസിയായ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അംഗീകരിച്ചു. സാമ്പത്തിക ബിഡിൽ വിലപേശി കുറവ് വരുത്തിയ ശേഷം സർക്കാരിന്റെ അംഗീകാരം വാങ്ങിയാകും കരാർ ഒപ്പിടുക.

 പ്ളാന്റ് കമ്പനി സ്ഥാപിക്കും

കമ്പനി സ്വന്തം ചെലവിലാകും മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കുക. ഒരു ടൺ മാലിന്യം സംസ്കരിക്കാൻ കരാർ പ്രകാരമുള്ള തുക സർക്കാർ കമ്പനിക്ക് നൽകും. ടെണ്ടറിൽ കമ്പനി ആവശ്യപ്പെട്ട തുക ഇതുവരെ കെ.എസ്.ഐ.ഡി.സി പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ വിലപേശൽ പൂർത്തിയാക്കിയാലേ കമ്പനിക്ക് നൽകേണ്ട തുകയുടെ കാര്യത്തിൽ അന്തിമധാരണയാകൂ. ഇതിന് ശേഷമാകും കരാർ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുക. മാലിന്യം സംസ്കരിച്ച് നിർമ്മിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറുമ്പോൾ കിട്ടുന്ന തുകയും കമ്പനിക്കായിരിക്കും.

 പ്രവർത്തനസജ്ജമാകാൻ രണ്ട് വർഷം

പ്ലാന്റ് പൂർണമായും സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലുമെടുക്കും. പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചണ്ടി ഡിപ്പോ വളപ്പിലെ 7.5 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സിക്ക് നേരത്തെ കൈമാറിയിരുന്നു.

 സംസ്കരിക്കുക എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം

കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലെയും നഗരസഭയുടെ അതിർത്തിയിലുള്ള മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാന്റിൽ സംസ്കരിക്കും. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ശേഖരിക്കുന്ന മാലിന്യം കമ്പനി സ്ഥാപിക്കുന്ന ബിന്നിൽ നിക്ഷേപിക്കണം. ഇവിടെ കമ്പനിയുടെ വാഹനമെത്തി മാലിന്യം ഏറ്റെടുത്ത് പ്ലാന്റിലെത്തിക്കും.

 പ്രതിദിനം 169 ടൺ മാലിന്യം

കൊല്ലം നഗരത്തിൽ മാത്രം പ്രതിദിനം 169 ടൺ ഖരമാലിന്യം പ്രതിദിനം ഉല്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 12 ടൺ ഗാർഹിക മാലിന്യമാണ്.