ഫെബ്രുവരി 5ന് നിയമസഭാ മാർച്ച്
കൊല്ലം: സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക തുക അനന്തമായി വൈകുന്നതിൽ പ്രതിഷേധിച്ച് നിർമ്മാണ മേഖലയിലെ സർക്കാർ കരാറുകാർ ഇന്ന് മുതൽ ടെൻഡറുകൾ ബഹിഷ്‌കരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.ബൈജു, ജില്ലാ സെക്രട്ടറി എസ്.ദിലീപ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ വിഭാഗങ്ങളിലെ കരാറുകാരാണ് ബഹിഷ്‌കരണ സമരം തുടങ്ങുക.
കൊല്ലം ജില്ലയിൽ മാത്രം പൊതുമരാമത്ത് വകുപ്പിൽ നിന്ന് 240 കോടിയും എൽ.എസ്.ജി.ഡിയിൽ നിന്ന് 160 കോടിയും ഇറിഗേഷൻ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിൽ നിന്ന് 60 കോടിയും കരാറുകാർക്ക് കിട്ടാനുണ്ട്.ഒരു കോടി രൂപയിൽ താഴെയുള്ള നിർമ്മാണങ്ങൾക്ക് ടാർ നേരിട്ടു വാങ്ങി നൽകുന്ന രീതി പൊതുമരാമത്ത് വകുപ്പ് നിർത്തലാക്കി. എ ക്ലാസ് കരാറുകാർ ഒരു കോടി രൂപയുടെയും ബി ക്ലാസ് 50 ലക്ഷത്തിന്റെയും സി ക്ലാസ് 10 ലക്ഷത്തിന്റെയും കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ബാങ്കുകളിൽ നിന്ന് വാങ്ങി നൽകിയാൽ മാത്രമേ ലൈസൻസ് പുതുക്കുകയുള്ളു. കോടിക്കണക്കിനു രൂപ കരാറുകാർക്ക് ലഭിക്കാനുള്ളപ്പോഴാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. എഗ്രിമെന്റ് വയ്ക്കുമ്പോൾ 200 രൂപയുടെ മുദ്രപത്രം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ ആയി ഉയർത്തി. ചെയ്യുന്ന പ്രവൃത്തിയുടെ സെക്യൂരിറ്റി തുക അഞ്ച് ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ ആയിരുന്നത് മൊത്തം കരാർ തുകയുടെ അഞ്ച് ശതമാനമായി വർദ്ധിപ്പിച്ചു. കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് രണ്ട് വർഷമായിരുന്ന സെക്യൂരിറ്റി കാലാവധി ഏകപക്ഷീയമായി അഞ്ച് വർഷമായി ഉയർത്തി. മഴയും പ്രളയവും മണ്ണിടിച്ചിലും മൂലം കഴിഞ്ഞ രണ്ട് വർഷമായി നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനായിട്ടില്ല. മഴയും പ്രളയവും സർക്കാർ സംവിധാനങ്ങൾക്ക് ബാധകമല്ലെന്ന തരത്തിൽ വലിയ പിഴ അടിച്ചേൽപ്പിക്കുന്നു.
2017-18, 2018-19 കാലഘട്ടത്തിലെ ചരക്കുസേവന നികുതി കരാറുകാർക്ക് നൽകാതെ സർക്കാർ ഉരുണ്ടു കളിക്കുന്നു. അഞ്ചു ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാറി നൽകണമെന്ന് ഉത്തരവിറക്കിയിട്ടും ജില്ലയിൽ മിക്ക ട്രഷറികളും ബില്ല് മാറി നൽകുന്നില്ല. ജി.എസ്.ടി കോമ്പൻസേഷനും ഇതുവരെ ലഭിച്ചില്ല. പൂർത്തിയാക്കിയ പ്രവൃത്തികളുടെ പണം നൽകാതെയും പുതിയ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചും കരാറുകാരെ തളർത്തുന്ന സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ടെൻഡർ ബഹിഷ്‌കരണം തുടങ്ങുന്നത്. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് കരാറുകാർ നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ജി.തൃദീപ്, ജില്ലാ ട്രഷറർ ഡി.ഹരി, എൻ.ടി.പ്രദീപ് കുമാർ, പി. ഗോപി, സത്യശീലൻ, സുനിൽ ദത്ത്, സലീം, ആർ.സുരേഷ്, എസ്. സിബി, അനിൽ കുമാർ, അനീഷ് കുമാർ എന്നിവരും പങ്കെടുത്തു.
കിട്ടാനുള്ള തുക
പൊതുമരാമത്ത് വകുപ്പ്: 240 കോടി
എൽ.എസ്.ജി.ഡി: 160 കോടി
ഇറിഗേഷനടക്കം മറ്റ് വിഭാഗങ്ങൾ: 60 കോടി