c
പാളങ്ങൾക്ക് ഇടയിലുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി നിരപ്പ് വരുത്തി റോഡിന്റെ ഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയപ്പോൾ

പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ കോതപുരം തലയിണക്കാവ് റെയിൽവേ ഗേറ്റിൽ മാസങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുകൊണ്ടിരുന്നു ബുദ്ധിമുട്ട് റെയിൽവേ മുൻകൈയെടുത്ത് പരിഹരിച്ചു. ഇവിടത്തെ പാളങ്ങൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകളുടെ നിരപ്പില്ലായ്മ വാഹന യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനെക്കുറിച്ച് കേരളകൗമുദി പല തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റെയിൽവേ അധികൃതർ മുൻകൈയെടുത്ത് പാളങ്ങൾക്ക് ഇടയിലുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി നിരപ്പ് വരുത്തുകയും റോഡിന്റെ ഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.

അടിപ്പാതയുടെ നിർമ്മാണം

നിലവിലെ റെയിൽവേ ഗേറ്റിന് സമാന്തരമായി ഇവിടെ പുതിയ അടിപ്പാതയുടെ നിർമ്മാണം അടുത്ത മാസം തന്നെ തുടങ്ങാൻ സാധിക്കും എന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്. പെരിനാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള അടിപ്പാതയുടെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. റെയിൽവേയുടെ ചെന്നൈ ഓഫീസിൽ നിന്നും ട്രെയിൻ വേഗത കുറച്ചു പോകാൻ ഉള്ള അനുമതി ലഭിക്കാത്തതായിരുന്നു ഇവിടെ അടിപ്പാതയുടെ നിർമ്മാണം വൈകാനുള്ള കാരണം.