എ.സി. ജോസിനെ അനുസ്‌മരിച്ചു
കൊല്ലം: പൗരത്വഭേഗദതി നിയമത്തിനെതിരായ പ്രതിഷേധം ഹിന്ദുക്കൾക്കെതിരാണെന്ന് പ്രചാരണം നടത്തി വർഗീയത സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച എ.സി. ജോസ് അനുസ്‌മരണം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള സമരമല്ല പൗരത്വ ഭേഗതി നിയമത്തിനെതിരെ നടക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള സമരമാണത്. കേരളാ ഗവർണർ അമിത്ഷായുടെ ഏജന്റാണ്. രാഷ്ട്രപതി ആവുകയെന്ന ലക്ഷ്യവും ആഗ്രഹവുമാണ് ഗവർണർക്ക്. മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള ശ്രമമാണ് നിത്യവും നടത്തുന്നത്. സംസ്ഥാന നിയമസഭയ്‌ക്ക് പ്രമേയം അവതരിപ്പിക്കാൻ ഗവർണറുടെ തീട്ടൂരം എന്തിനാണ് ? അഭിനവ ഗോഡ്സെ ആയ അമിത്ഷാ, ഗാന്ധിയെ ഉദ്ധരിച്ച് സംസാരിക്കേണ്ട. ഗോഡ്സെയെ മാത്രം ഉദ്ധരിച്ചാൽ മതിയെന്നും ഹസൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപവർമ്മതമ്പാൻ, എ. ഷാനവാസ്ഖാൻ, പി. ജർമ്മിയാസ്, കെ. സോമയാജി, കുരീപ്പുഴ യഹിയ, എസ്. ശ്രീകുമാർ, മംഗലത്ത് രാഘവൻ നായർ, കെ.ബി. ഷഹാൽ തുടങ്ങിയവർ സംസാരിച്ചു.