'പടി ' വാങ്ങിയ 2580 രൂപ പിടിച്ചെടുത്തു
കൊല്ലം: ആര്യങ്കാവിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കുടുങ്ങി. വാഹനങ്ങൾ പരിശോധിക്കാതെ കടത്തിവിടാൻ 'പടി' വാങ്ങിയ 2580 രൂപയും പിടിച്ചെടുത്തു.
21ന് രാത്രി 10 മുതൽ ഇന്നലെ പുലർച്ചെ 2.45 വരെയായിരുന്നു പരിശോധന. വിജിലൻസ് സംഘമെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ ഒരാൾ സ്ഥലംവിടാൻ ശ്രമിച്ചു. മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് ഓഫീസിലെ രേഖകൾ പരിശോധിച്ചപ്പോൾ ഫയലുകൾക്കിടയിൽ നിന്നാണ് 2580 രൂപ പിടിച്ചെടുത്തത്. ബീറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. വാഹന ഡ്രൈവർമാരിൽ നിന്ന് 'പടി' ആയി വാങ്ങിയതാണ് ഈ തുകയെന്നാണ് സംശയം. ചെക്ക് പോസ്റ്റിലെ രസീതുകൾ കൃത്യമായല്ല കൈകാര്യം ചെയ്തിരുന്നതെന്നും കണ്ടെത്തി.
പണം കൈപ്പറ്റി വാഹനങ്ങൾ അനധികൃതമായി കടത്തിവിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി കെ. അശോകകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐമാരായ സുധീഷ് വി.പി, കൊല്ലം ഡി. ഡി. ഇ. ഓഫീസിലെ ഫീഡിംഗ് സൂപ്പർവൈസർ ഷാജി മാത്യു, എ. എസ്. ഐ.മോഹനകുമാർ, സീനിയർ സി.പി.ഒമാരായ അജയൻ, അജീഷ്, ശിവരാമൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കമന്റ്
ജോലിക്കിടെ മദ്യപിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും വാഹനങ്ങളിൽ നിന്ന് പടി വാങ്ങിയതിന് മറ്റൊരു ഉദ്യോഗസ്ഥനെതിരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർക്കെതിരെയും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും.
കെ. അശോക കുമാർ
വിജിലൻസ് ഡിവൈ.എസ്.പി