പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിലെ യാഗം ഇന്ന് സമാപിക്കും
അഞ്ചാലുംമൂട് : ദേവാലയങ്ങൾ സാമൂഹിക സേവന കേന്ദ്രങ്ങൾ കൂടിയാകണമെന്നും പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിൽ നടത്തുന്ന വിശ്വമംഗളയാഗത്തിന്റെ ഭാഗമായ ദമ്പതിപൂജയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദമ്പതിപൂജയുടെ ഭദ്രദീപ പ്രകാശനം മുൻമന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ, സെക്രട്ടറി അഡ്വ. അനിൽകുമാർ, കൊല്ലം യൂണിയൻ സെക്രട്ടറി രാജേന്ദ്രൻ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ എന്നിവർ ഉൾപ്പെടെ നൂറോളം പേർ ദമ്പതിപൂജയിൽ പങ്കെടുത്തു.
ഏഴുദിവസമായി നടക്കുന്ന യാഗം ഇന്ന് സമാപിക്കും. വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠത്തിലെ സ്വാമി ലോകേശാനന്ദ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസി എന്നിവരും സന്നിഹിതരായിരിക്കുമെന്ന് യാഗാചാര്യൻ പള്ളിക്കൽ മണികണ്ഠൻ, യാഗഹോതാവ് ഡോ. ഗണേശൻ എന്നിവർ അറിയിച്ചു.