കരുനാഗപ്പള്ളി: പുനരുദ്ധാരണം നടത്തുന്ന റോഡിൽ നിന്ന് ഉയരുന്ന പൊടിപടലം പ്രദേശവാസികളെ വലയ്ക്കുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ പാവുമ്പാ കാളിയൻചന്ത കുരിശുംമൂട് - മലയടക്കുറ്റി റോഡിൽ നിന്നും ഉയരുന്ന പൊടിപടലമാണ് നാട്ടുകാർക്ക് വിനയാകുന്നത്. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണെന്ന് നാട്ടുകാർ പറയുന്നു. തകർന്ന് കിടന്ന റോഡിന്റെ പുനർ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപയാണ് അനുവദിച്ചത്. ടെന്റർ നടപടികൾ പൂർത്തിയാക്കി റോഡിന്റെ ടാറിംഗ് ഇളക്കി പുതിയ മെറ്റലും പാറപ്പൊടിയും നിരത്തിയിട്ട് 5 മാസങ്ങൾ പിന്നിടുകയാണ്. നിരന്തരമായി പൊടികലർന്ന വായു ശ്വസിച്ച് നാട്ടുകാർക്ക് ശ്വാസംമുട്ടലും മറ്റ് രോഗങ്ങളും പിടിപെടുന്നുണ്ട്. റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന ആവശ്യത്തോട് ഉദ്യോഗസ്ഥരും കരാറുകാരനും പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
തകർന്ന് കിടന്ന റോഡിന്റെ പുനർ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപയാണ് അനുവദിച്ചത്
റോഡിന്റെ ടാറിംഗ് ഇളക്കി പുതിയ മെറ്റലും പാറപ്പൊടിയും നിരത്തിയിട്ട് 5 മാസങ്ങൾ പിന്നിടുന്നു
ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ
സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനംപ്രതി ഇതു വഴി കടന്ന് പോകുന്നുണ്ട്. വേനൽ കടുത്തതോടെ ചെറിയ വാഹനങ്ങൾ കടന്നു പോയാൽപ്പോലും പൊടിപടലം പ്രദേശത്തെയാകെ മൂടുന്ന അവസ്ഥയാണ്. മുമ്പ് പണി നടക്കുന്ന സമയത്തും അതു കഴിഞ്ഞും റോഡിൽ പൊടി പറക്കാതിരിക്കാൻ വെള്ളം തളിക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. പള്ളിയും ക്ഷേത്രവും മുല്ലയ്ക്കൽ എൽ.പി, യു.പി സ്കൂളുകളും റോഡിന്റെ പരിധിയിൽ ആണ്. റോഡിന്റെ വശങ്ങളിലുള്ള സ്ഥാപനങ്ങളും വീടുകളും പൂർണമായും പൊടിയിൽ മൂടപ്പെടുന്ന അവസ്ഥയാണ്.