benny
പന്മന ബ്ലോക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കി ലോക രാജ്യങ്ങളുടെ മുന്നിൽ ഭാരതത്തെ നാണം കെടുത്തിയിരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. പന്മന ബ്ലോക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നയിച്ച പ്രതിഷേധ ജ്വാലയുടെ സമാപനം ഇടപ്പള്ളിക്കോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയും അമിത്ഷായും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണ്. ബി.ജെ.പി സർക്കാരിനെതിരെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ഒന്നിച്ച് അണി നിരക്കുകയാണ്. ഭരണഘടനയുടെ ആത്മാവിനെ ചോദ്യം ചെയ്യുന്ന സമീപനമാണ് മോദി സ്വീകരിച്ചിരിക്കുന്നത്. മോദിയുടെ പാരമ്പര്യമല്ല ഭാരതത്തിലെ ജനങ്ങളുടെ പാരമ്പര്യം എന്ന് ബി.ജെ.പി സർക്കാർ മനസിലാക്കണം. കേരളാ ഗവർണർ ബി.ജെ.പിയുടെ നേതാവിനെപ്പോലെ സംസാരിക്കുന്നത് അപകടമാണെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. പന്മന ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ്, നേതാക്കളായ സന്തോഷ് തുപ്പാശേരി, കോലത്ത് വേണുഗോപാൽ, ചക്കനാൽ സനൽ കുമാർ, പൊന്മന നിശാന്ത്, സേതുനാഥൻപിളള, കോയിവിള രാമചന്ദ്രൻ, പന്മന ബാലകൃഷ്ണൻ, മോഹൻ കോയിപ്പുറം, സി.ആർ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. തെക്കുംഭാഗത്തെ ആന്റണിയുടെ സ്മൃതി കുടീരത്തിൽ നിന്ന് ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ. സുരേഷ് ബാബു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. തുടർന്ന് തെക്കുംഭാഗം, തേവലക്കര, പന്മന, വടക്കുംതല എന്നീ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി. ബേബി സലീന, ഷംല, പ്രഭ അനിൽ, തങ്കച്ചി പ്രഭാകരൻ , പന്മന ജി. വേലായുധൻ കുട്ടി തുടങ്ങിയവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.