കൊല്ലം: പട്ടാഴിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾക്ക് ടാപ്പിംഗ് കത്തികൊണ്ട് കുത്തേറ്റു. പ്രത്യാക്രമണത്തിൽ മറ്റൊരാളുടെ കാൽ കല്ലുകൊണ്ട് ഇടിച്ച് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കുത്തേറ്റ പട്ടാഴി പന്തപ്ളാവ് ഇരിപ്പാക്കുഴി സുനിൽ ഭവനത്തിൽ സുനിൽകുമാർ (40), കല്ലുകൊണ്ട് ഇടിയേറ്റ മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ ഷിബു (52) എന്നിവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ. മുണ്ടക്കയത്ത് നിന്ന് റബർ ടാപ്പിംഗിനായി ഭാര്യയും രണ്ട് മക്കളുമൊന്നിച്ച് എത്തിയതാണ് ഷിബു. വാടക വീട്ടിലായിരുന്നു താമസം. വേനലടുത്തതോടെ ഈ വർഷത്തെ ടാപ്പിംഗ് ജോലികൾ പൂർത്തിയാക്കി ഇന്നലെ മുണ്ടക്കയത്തേക്ക് മടങ്ങാനിരുന്നതാണ്. സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ വീട്ടിൽ വളർത്തിയിരുന്ന പട്ടിക്കുട്ടിയെ അയൽവീടിന് കൈമാറാനൊരുങ്ങി. അയൽവീട്ടിലെ കുട്ടികൾക്ക് പട്ടിക്കുട്ടിയെ വേണമെന്നും മുതിർന്നവർക്ക് വേണ്ടെന്നുമായി. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. ഇതിനിടെ വീട്ടുകാരനായ മോഹനൻ മറിഞ്ഞുവീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രിയോടെ മോഹനന്റെ സഹോദരന്റെ മകനായ സുനിൽകുമാർ പഞ്ചായത്തംഗത്തേയും കൂട്ടി ഷിബുവിന്റെ വീട്ടിലെത്തി. മോഹനന്റെ ചികിത്സയ്ക്ക് പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരാകരിച്ചതോടെ ഉന്തുംതള്ളുമായി
തുടർന്നാണ് ഷിബു ടാപ്പിംഗ് കത്തികൊണ്ട് സുനിൽകുമാറിന്റെ വയറ്റിലും മുതുകിലുമായി മൂന്ന് തവണ കുത്തിയത്. കുത്തേറ്റ സുനിൽ ഷിബുവിനെ ചവിട്ടിവീഴ്ത്തിയശേഷം അടുത്തുണ്ടായിരുന്ന വലിയ കല്ലെടുത്ത് വലതുകാൽ ഇടിച്ച് പൊട്ടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നയാൾ സുനിലിനെ താങ്ങിയെടുത്ത് തൊട്ടടുത്ത വീട്ടിലേക്ക് പോയപ്പോഴേക്കും ഷിബുവും കുടുംബവും വീടുവിട്ടിറങ്ങി. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി സുനിലിനെ ആശുപത്രിയിലെത്തിച്ച ശേഷം ഷിബുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. റബർ തോട്ടത്തിനോട് ചേർന്ന കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന കുടുംബത്തെ രാത്രി 12ഓടെയാണ് പൊലീസ് കണ്ടെത്തിയത്. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ എല്ലും മാംസവും പുറത്തേക്ക് തെറിച്ചിരുന്നു. ചോരയൊലിപ്പിച്ച് കിടന്ന ഷിബുവിനെയും പൊലീസ് ആശുപത്രിയിലാക്കി. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.