കരുനാഗപ്പള്ളി: 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ളിക്ദിന പരേഡിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളിയിൽ നിന്നും എൻ.സി.സി കേഡറ്റ് ചാരു. ജെ. കൃഷ്ണയ്ക്ക് അവസരം. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥിനിയാണ് ചാരു. 2019 ഏപ്രിൽ മുതൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ നിന്നാണ് ചാരുവിനെ റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുക്കാനായി തിരഞ്ഞടുത്തത്. 2019 ഡിസംബർ 27 മുതൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള തീവ്ര പരിശീലനത്തിലാണ് ചാരു ജെ. കൃഷ്ണ. റിപ്പബ്ളിക്ക് പരേഡിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക കലാപരിപാടിയിൽ ചാരു.ജെ. കൃഷ്ണ കഥകളിയും ഭരതനാട്യവും അവതരിപ്പിച്ചിരുന്നു. 2019 ൽ സ്കൂൾ കായിക മേളയിൽ ആർച്ചറി വിഭാഗത്തിൽ ഗോൾഡ് മെഡലും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിരുന്നു. കലാമണ്ഡലം പ്രശാന്ത് ആശാന്റെ ശിക്ഷണത്തിൽ മണ്ണൂർക്കാവ് കഥകളി പഠന കേന്ദ്രത്തിലെ വിദ്യാർത്ഥി കൂടിയാണ് ചാരു. മരുതൂർക്കുളങ്ങര കൃഷ്ണശ്രീയിൽ ലീലാകൃഷ്ണന്റെയും ജയശ്രീയുടേയും ഇളയ മകളാണ്.