womens-hocky

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഹോക്കി താരങ്ങളെ സാക്ഷിയാക്കി വനം മന്ത്രി കെ.രാജു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്‌തു.ആശ്രാമത്തെ ഹോക്കി സ്റ്റേഡിയം പൂർത്തിയായതോടെ കേരളത്തിലെ ഹോക്കിയുടെ തലസ്ഥാനമായി കൊല്ലം മാറിയെന്ന് കെ.രാജു പറഞ്ഞു. ലോകത്തിന്റെ കായിക ഭൂപടത്തിൽ രാജ്യത്തിന് അഭിമാനകരമായ അടയാളപ്പെടുത്തലാണ് എക്കാലത്തും ഹോക്കി നൽകിയത്. കേരളത്തിന്റെയും കൊല്ലത്തിന്റെയും അന്തസ് ഉയർത്തി ചാമ്പ്യൻഷിപ്പ് പൂർത്തീകരിക്കാൻ ഏവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ചാമ്പ്യൻഷിപ്പിന്റെ സുവനീർ പ്രകാശനം ചെയ്‌തു. ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് മുഷ്‌താഖ് അഹമ്മദ്, കാനറാ ബാങ്ക് ജനറൽ മാനേജർ എൻ.അജിത് കൃഷ്‌ണൻ,ഐ.ഒ.എ അസോസിയേറ്റ് എക്സിക്യുട്ടീവ് അംഗം ഭോലാനാഥ് സിംഗ്, കേരള ഹോക്കി ട്രഷറർ സി.ടി.സോജി, കേരള ഹോക്കി ജനറൽ സെക്രട്ടറി ആർ.അയ്യപ്പൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.വിനോദ് ലാൽ എന്നിവർ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ടീമുകളും സർവീസ് ടീമുകളും ഉൾപ്പെടെ 45 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഇന്ന് രാവിലെ മത്സരങ്ങൾ ആരംഭിക്കും.