photo
കോട്ടാത്തല തേവർ ചിറയുടെ നവീകരണ പദ്ധതികൾക്ക് തുടക്കമിട്ടപ്പോൾ

കൊട്ടാരക്കര: ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന കോട്ടാത്തല തേവർചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഒരുകാലത്ത് കോട്ടാത്തല ഗ്രാമത്തിന്റെ മുഖശ്രീയായിരുന്നു തേവർചിറ. കോട്ടാത്തല ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെയും തണ്ണീർപന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ സ്ഥിതി ചെയ്യുന്നത്. കൈയ്യേറ്റങ്ങളിലൂടെ ഏറിയ ഭാഗവും നഷ്ടപ്പെട്ടെങ്കിലും ഏറ്റവും ഒടുവിൽ അളന്ന് തിട്ടപ്പെടുത്തിയപ്പോഴും ഒരേക്കർ പതിനാറ് സെന്റാണ് വിസ്തൃതി. സംരക്ഷണ പദ്ധതികൾ നോക്കുകുത്തിയായപ്പോൾ ചിറ നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

രാജഭരണകാലത്തിന്റെ ഓർമ്മകൾ

രാജഭരണകാലത്ത് കൊട്ടാരക്കര ഇളയിടത്ത് സ്വരൂപം തേവർ ചിറയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നത്. രാജാവിന് താമസിക്കാനായി ക്ഷേത്രവളപ്പിൽ പ്രത്യേക സംവിധാനങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ആരാധനയുടെ ഭാഗമായുള്ള നീരാട്ടുകളും മറ്റും നടന്നിരുന്നതും ഈ ചിറയിലാണ്.

പ്രസിദ്ധമായ കടലായ്മന മഠം വകയായിരുന്നു ക്ഷേത്രവും ചിറയും. മഠത്തിലെ കാരണവരായിരുന്ന നമ്പൂതിരി ശ്രീകൃഷ്ണ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ചിറ സർക്കാരിനും എഴുതി നൽകിയെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കുളിപ്പുരകളും കൽപ്പടവുകളുമൊക്കെ മുമ്പ് ഉണ്ടായിരുന്നു. രണ്ട് പതിറ്റാണ്ട് ഇവ കുളിപ്പുരകൾ നിലംപൊത്തിയത്.

കാർഷിക മേഖലയ്ക്ക് അനുഗ്രഹം

കടുത്ത വേനലിലും വറ്റാത്ത തേവർ ചിറ ഒരുകാലത്ത് നാടിന്റെ കാർഷിക മേഖലയ്ക്ക് വലിയ അനുഗ്രഹമായിരുന്നു. പ്രദേശവാസികൾ കുളിക്കാനും തുണി അലക്കാനും ഉപയോഗിക്കുന്നതിനും അപ്പുറമായിരുന്നു കാർഷിക മേഖലയ്ക്ക് ഇതിന്റെ വെള്ളം ഉപയോഗിക്കാമെന്ന കണ്ടെത്തൽ. ഏലായിലേക്ക് വെള്ളമെത്തിയ്ക്കാൻ ചെറുകനാൽ നിർമ്മിച്ചതും അങ്ങിനെയാണ്. അക്കാലത്ത് കർഷകർക്ക് വലിയ ആശ്വാസമായിരുന്ന ചിറ പിന്നീട് നശിച്ചതോടെ ചെറുകനാലും ഓർമ്മയായി.

പദ്ധതികൾ മുടങ്ങിയത് തിരിച്ചടിയായി

ചിറയുടെ പുനരുദ്ധാരണത്തിന് പി.ഐഷാപോറ്റി എം.എൽ.എ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ളോക്ക് പഞ്ചായത്ത് ഫണ്ടും ചേർത്ത് 23 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് അന്ന് തയ്യാറാക്കിയത്. ഇതിന്റെ ജോലികൾ തുടങ്ങുകയും ചെയ്തു. ചിറയിൽ ചാല് കീറി വെള്ളം വറ്റിച്ചു. ചെളികോരി കൂന കൂട്ടുകയും ചെയ്തു. എന്നാൽ പലവിധ കാരണങ്ങളാൽ മറ്റ് ജോലികൾ നിലച്ചു. ഇതോടെയാണ് കുറ്റിക്കാടുകൾ വളർന്ന്

ചിറ പൂർണമായും നശിച്ചത്.

ഇനി പുതിയ പദ്ധതികൾ

അടുത്ത വർഷത്തെ പദ്ധതിയിലേക്ക് 25 ലക്ഷം രൂപകൂടി ബ്ളോക്ക് പഞ്ചായത്ത് അനുവദിക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് വരുന്ന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ചിറയുടെ സമഗ്ര നവീകരണത്തിന് തുക അനുവദിക്കുമെന്ന് ജില്ലാപഞ്ചായത്തംഗം ആർ.രശ്മിയും അറിയിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളും കൂട്ടിച്ചേർത്ത് സംരക്ഷണ ഭിത്തികൾ കെട്ടി കൽപ്പടവുകളും കുളിക്കടവുകളും പുനർ നിർമ്മിക്കും. ചെളികോരി മാറ്റി ഉറവകൾ തെളിയ്ക്കും. സൗന്ദര്യവത്കരണം നടത്തി നീന്തൽക്കുളമാക്കും. ചിറയുടെയും ഒപ്പം നാടിന്റെയും മുഖശ്രീ തെളിയുന്നവിധമുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ആർ.അജയകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം

കേരളകൗമുദി വാർത്തകൾ കണ്ണ് തുറപ്പിച്ചു

തേവർ ചിറയുടെ ദുരിതാവസ്ഥ നിരന്തരം കേരള കൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. 2017 മാർച്ച് 22ന് ജലദിനത്തിൽ 'ശാപമോക്ഷമില്ലാതെ കോട്ടാത്തല തേവർ ചിറ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുൾപ്പടെ ഓരോ വാർത്തകളും നാട്ടിൽ ചർച്ചകൾക്ക് വഴിമരുന്നിട്ടു. തുടർന്നാണ് ജനപ്രതിനിധികൾ ഉണർന്നതും സംരക്ഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയതും..