ഉദ്ഘാടന വേദിയിൽ വിമർശനമുന്നയിച്ച് കേരള ഹോക്കി പ്രസിഡന്റ്
കൊല്ലം: കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ കേരളത്തിന്റെ കായിക പാരമ്പര്യത്തെ ലജ്ജിപ്പിക്കുന്ന തുടക്കം. മുൻകൂട്ടി പ്രഖ്യാപിച്ച ഘോഷയാത്ര ഒഴിവാക്കി ഹോക്കി സ്റ്റേഡിയത്തിന് മുന്നിലെ സമ്മേളനത്തിലൊതുക്കി ഉദ്ഘാടന ചടങ്ങ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പെങ്കിലും അദ്ദേഹം എത്തിയില്ല. മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയും ഉദ്ഘാടനത്തിന് എത്തില്ലെന്ന വിവരം സംഘാടകർക്ക് ലഭിച്ചതോടെ അവസാന നിമിഷം മന്ത്രി കെ.രാജുവിനെ ഉദ്ഘാടകനാക്കി പുതിയ പ്രോഗ്രാം നോട്ടീസ് തയ്യാറാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹോക്കി താരങ്ങൾ മാറി നിന്നിരുന്നെങ്കിൽ ഉദ്ഘാടന ചടങ്ങിൽ കാണികൾ ഉണ്ടാകില്ലായിരുന്നു.
സംഘാടനത്തിലെ പിഴവ് അന്വേഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാറിന്റെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സംഘടിതശ്രമം ഉണ്ടായി. സായിയും സ്‌പോർട്സ് കൗൺസിലും ചാമ്പ്യൻഷിപ്പിനോട് സഹകരിക്കാതെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. ആഗ്രഹിച്ച തരത്തിൽ ഉദ്ഘാടന ചടങ്ങ് നടത്താൻ കഴിയാതെ പോയത് അതിനാലാണെന്നും സുനിൽകുമാർ പറഞ്ഞു. സായിയിലെ ചില അദ്ധ്യാപകരുടെ പേരുകളെടുത്ത് പറഞ്ഞും സുനിൽകുമാർ വിമർശനം ഉന്നയിച്ചു. സ്‌പോർട്സ് കൗൺസിൽ ഭാരവാഹികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ട് നിന്നതും ചർച്ചയായി. ഉദ്ഘാടനകനായ മന്ത്രി കെ.രാജുവിന്റെ സാനിധ്യത്തിലാണ് ശക്തമായ വിമർശം ഉയർന്നതെങ്കിലും അദ്ദേഹം അതിനോട് കാര്യമായ പ്രതികരണം നടത്തിയില്ല.
ടോക്കിയോ ഒളിമ്പിക്‌സ് ടീം ഇവിടെ നിന്ന്
ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക. അതിനായി ദേശീയ സെലക്‌ടർമാർ അടക്കമുള്ളവർ കൊല്ലത്ത് എത്തും.
എ,ബി ഡിവിഷനുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ബി ഡിവിഷനിൽ എട്ട് ഗ്രൂപ്പുകളിലായി 25 ടീമുകളും എ ഡിവിഷനിൽ നാലു ഗ്രൂപ്പുകളിലായി 19 ടീമുകളുമാണ് മത്സരിക്കുക.
ആദ്യ മത്സരം ഇന്ന് കുർഗും
ഉത്തരാഖണ്ഡും തമ്മിൽ
തിങ്കളാഴ്‌ച മുതൽ ടീമുകൾ എത്തി തുടങ്ങിയിരുന്നു.യുക്കോ ബാങ്കാണ് ആദ്യമെത്തിയത്. ഇന്നലെ രാവിലെയോടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ടീമുകളും എത്തി. ദേശീയ,സംസ്ഥാന താരങ്ങൾ ഉൾപ്പെടെ ആയിരത്തോളം താരങ്ങളും ഒഫീഷ്യലുകളും മത്സരങ്ങളുടെ ഭാഗമാകും.
ഇന്ന് രാവിലെ 7.30 ന് ഹോക്കി കുർഗും ഉത്താരാഖണ്ഡും തമ്മിലാണ് ആദ്യ മത്സരം.