കൊല്ലം: പാരിപ്പള്ളി ജംഗ്ഷന്റെ ഹൃദയഭാഗത്ത് കോലം കെട്ട് നിൽക്കുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ആധുനികവൽക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ കെട്ടിടം പൊളിച്ചുനീക്കി ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞത് രണ്ട് നിലകളെങ്കിലുമുള്ള കൺവെൻഷൻ സെന്ററാക്കണമെന്നാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന സ്വപ്നം.
ദേശീയപാതാ വികസനം മുൻകൂട്ടി കാണണം
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഹാളിന്റെ മുൻഭാഗം പൊളിച്ചുനീക്കപ്പെടും. ഇതോടെ മുൻഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പോലും ഇല്ലാതാകും. ഇത് കണക്കിലെടുത്ത് ഇപ്പോൾ ഡൈനിംഗ് ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടി പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി ഹാൾ പുനർനിർമ്മിക്കണം. രണ്ട് നിലകളിലായി ഡൈനിംഗ് ഹാളും കൺവെൻഷൻ ഹാളും സജ്ജമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ സഹായം തേടണം
പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിനായി ചെലവാകുന്ന വൻതുക പഞ്ചായത്തിന് വഹിക്കാൻ കഴിയാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ സഹായം തേടാം. നിലവാരം ഉയരുന്നതോടെ തുടർച്ചയായി ബുക്കിംഗ് നടന്ന് പഞ്ചായത്തിന് വൻതുക വരുമാനവും ലഭിക്കും. പക്ഷേ പഞ്ചായത്ത് അധികൃതർ മുൻവർഷങ്ങളിലേത് പോലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്തി പണം പാഴാക്കാനുള്ള ശ്രമത്തിലാണെന്ന ആരോപണമുണ്ട്.
അടുക്കാൻ കഴിയാത്ത അവസ്ഥയിൽ
പ്രാഥമിക ആവശ്യങ്ങൾ നിവർഹിക്കാൻ ശുചിത്വമുള്ള സൗകര്യം പോയിട്ട് ശുദ്ധജലം പോലും ലഭ്യമാകാത്ത സ്ഥിതിയിലാണ് ഇപ്പോൾ പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാൾ. അടുത്തിടെ സ്ഥാപിച്ച കുഷൻ കസേരകളെല്ലാം പൊളിഞ്ഞിളകി. ബാൽക്കണിയിലെ കസേരകളുടെ കാലുകൾ പലതും ഒടിഞ്ഞുമടങ്ങി. ശുചീകരണം കൃത്യമായി നടക്കാത്തതിനാൽ ബാൽക്കണിയാകെ ചിലന്തി അടക്കമുള്ള പ്രാണികളുടെ വിഹാര കേന്ദ്രമാണ്. ശുചിമുറികളിലേക്ക് ആർക്കും അടുക്കാനാവാത്ത വിധം അസഹ്യമായ ദുർഗന്ധവുമുണ്ട്. ഡൈനിംഗ് ഹാളിലെ മാർബിൾ മേശകൾ പലതും പൊട്ടിത്തകർന്നു. കൂടുതൽ പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള ഇടവും അടുക്കളയിലില്ല.