ടാർ മിക്‌സിംഗ് പ്ലാന്റിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ പാറപ്പുഴ തോടിന് സമീപം.
പത്തനാപുരം: പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ചെളിക്കുഴിയിൽ വേടമല കോളനിയോട് ചേർന്ന് ടാർ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. ടാർ മിക്‌സിംഗ് പ്ലാന്റ് വന്നാൽ പ്രദേശത്തെ ജലസംഭരണിക്ക് ഭീഷണിയാകുമെന്നും പ്ലാന്റ് ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ വാദം.
തെക്കൻ ജില്ലകളിൽ ദേശീയ പാത ഉൾപ്പെടെയുള്ള റോഡുകളുടെ നിർമ്മാണത്തിനാവശ്യമുള്ള ടാറ് മിക്‌സ് ചെയ്ത് ഇവിടെ നിന്നുമാണ് ഇനി കൊണ്ടു പോകാനുദ്ദേശിക്കുന്നത്. പട്ടാഴി വടക്കേക്കര ഉൾപ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് പ്ലാന്റ് നിർമ്മിക്കുന്നത്. മാസം അൻപതിനായിരം രൂപയ്ക്കാണ് കരാറുകാരൻ സ്ഥലം വാടകയ്‌ക്കെടുത്തിട്ടുള്ളത്. പഞ്ചായത്തിൽ നിന്നും പ്ലാന്റിന് അനുമതി ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളും നാട്ടുകാർക്കൊപ്പം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നാട്ടുകാർക്ക് ദോഷകരമായ രീതിയിലുള്ള പ്ലാന്റ് നിർമ്മാണത്തിന് അധികൃതർ അനുവാദം നല്കരുത്.
അജിത്ത് കൃഷ്ണ (യൂത്ത് കോൺഗ്രസ് നേതാവ്, പട്ടാഴി )
വേനൽക്കാലത്ത് ഏറെ പ്രയോജനകരമായ പാറപ്പുഴ തോട് ഉൾപ്പെടെയുള്ള പ്രദേശത്തെ മലിനമാക്കുന്ന പ്ലാന്റ് അനുവദിക്കുരുത്.
ശരത്ത് (പൊതുപ്രവർത്തകൻ)
പാറപ്പുഴ തോട്
കുന്നിട, വേടവിള, പടിഞ്ഞാറേവിള പ്രദേശങ്ങളിലൂടെയൊഴുകുന്ന പാറപ്പുഴ തോട് പ്ലാന്റിന് സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. വേനൽക്കാലത്ത് പാറപ്പുഴ തോടാണ് പ്രദേശവാസികളുടെ ഏകആശ്വാസം. കുന്നിട വേടമല ലൂക്കോസ് മുക്കിൽ കാഞ്ഞിരപ്പള്ളി എസ്റ്റേറ്റിലാണ് പ്ലാന്റ് നിർമാണം നടക്കുന്നത്. കഴിഞ്ഞ ദിവസം അധികൃതർ പ്ലാന്റ് നിർമ്മാണത്തിനാവശ്യമായ യന്ത്ര സാമഗ്രികളുമായെത്തിയപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മാസം 50000 രൂപയ്ക്കാണ് കരാറുകാരൻ സ്ഥലം വാടകയ്‌ക്കെടുത്തിട്ടുള്ളത്