കൊല്ലം: നഗരത്തിൽ 13പേർക്ക് ഇന്നലെ തെരുവുനായയുടെ കടിയേറ്റു. ടൗൺ അതിർത്തി, ഉളിയക്കോവിൽ, കടപ്പാക്കട, ആശ്രാമം എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
വൈകിട്ട് ആറ് മണിയോടെ ടൗൺ അതിർത്തിയിലായിരുന്നു ആദ്യ സംഭവം. തൊട്ടുപിന്നാലെ സമീപ പ്രദേശങ്ങളിലുള്ളവരും കടിയേറ്റ് ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. ആക്രമിച്ചത് ഒരു നായ ആണോയെന്ന് വ്യക്തമല്ല. സദാശിവൻ, ശശിധരൻ, ഗോപാലകൃഷ്ണൻ, യമുന, രേഷ്മ, സുൽഫത്ത് ബീവി, അനീഷ് അശോക്, സാനിയ, തോമസ്, മാത്യു തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
നഗരത്തിൽ കഴിഞ്ഞ ഒരുമാസത്തിനിടെ പലതവണ തെരുവ് നായ ആക്രമണം ഉണ്ടായി. പക്ഷെ, നഗരസഭയുടെ തെരുവ് നായ വന്ധ്യംകരണം ഇഴഞ്ഞ് നീങ്ങുകയാണ്. ഇന്നലെ കരുനാഗപ്പള്ളി, മയ്യനാട്, ഇരവിപുരം എന്നിവിടങ്ങളിൽ നിന്ന് തെരുവ് നായയുടെ കടിയേറ്റ് നിരവധി പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.