പുനലൂർ: കല്ലട ഇറിഗേഷന്റെ വലതുകര കനാലിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ചേർത്തല സ്വദേശികളായ രണ്ടുപേർ തെന്മല പൊലീസിന്റെ പിടിയിൽ. വാഹന ഉടമയായ രാംജിത്ത് ലാൽ (27), ലോറി ഡ്രൈവർ ഗിരീഷ് (33) എന്നിവരേയും മാലിന്യം തള്ളാനുപയോഗിച്ച ലോറിയുമാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 9ന് വിളക്കുടി പഞ്ചായത്തിലെ ഇളമ്പലിലായിരുന്നു സംഭവം. മാലിന്യം തള്ളാൻ ഉപയോഗിച്ച ലോറിയുടെ ദൃശ്യങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമയെ തിരിച്ചറിഞ്ഞ പൊലീസ് തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്.
ഇവരുടെ മൊബൈലിൽ ബന്ധപ്പെട്ട പൊലീസ് രണ്ട് കക്കൂസ് വൃത്തിയാക്കാനുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഇളമ്പലിൽ എത്തിയ യുവാക്കളെ ലോറിയുമായി പിടികൂടുകയായിരുന്നു. ഉറുകുന്ന് ലൂർദ് മാത പള്ളിക്ക് സമീപത്തെ വലതുകര കനാലിൽ രണ്ടാഴ്ച മുമ്പായിരുന്നു മാലിന്യം തള്ളിയത്. അർദ്ധരാത്രി ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യം രണ്ടുതവണ കനാലിൽ തള്ളുകയായിരുന്നു. മാലിന്യം കലർന്ന കനാൽ വെള്ളം ഉപയോഗിച്ചവർക്ക് ചൊറിച്ചിലും ത്വക്ക് രോഗവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കെ.ഐ.പി അധികൃതർ തെന്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതിനിടെ അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ച് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ പ്രവീൺകുമാറിന്റെ നേതൃത്വലുളള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.