കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിൽ സുവോളജി വിഭാഗം വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
ഇൻഡ്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ, ഭൂമിത്രസേനാ ക്ലബ്ബ് എന്നിവയുമായി സഹകരിച്ചാണ് 'ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും' എന്ന വിഷയത്തെ ആസ്പദമാക്കി 24 വരെ സെമിനാർ നടത്തുന്നത്.
പ്രകൃതി വിഭവങ്ങൾ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിനാണ് ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. മരട് ഫ്‌ളാറ്റ് വിഷയം പ്രകൃതി ചൂഷണത്തിനും നിയമലംഘനത്തിനും എതിരെയുള്ള മികച്ച സന്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മാർക്ക് ഡേവിഡ് എബ്രാംസ് ആയിരുന്നു മുഖ്യ അതിഥി. കാടുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കാട്ടുതീയും അതിന്റെ കാരണങ്ങളെകുറിച്ചും അദ്ദേഹം ക്ലാസെടുത്തു. മെക്കലെ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.വി.ആർ.പ്രകാശ് എത്യോപ്യയിലെ ജൈവവൈവിധ്യത്തെകുറിച്ചും വംശനാശം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ജീവജാതികളെപ്പറ്റിയും ക്ലാസ് നയിച്ചു.
ഇൻഡ്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ കൺവീനർ ഡോ.കെ.വി.ജയചന്ദ്രൻ, പ്രൊഫസർ.ഡോ.കെ.കതിരേശൻ തുടങ്ങിയവർ സംസാരിച്ചു. കേരള യൂണിവേഴ്‌സിറ്റി എം.എസ് സി. സൂവോളജി റാങ്ക് ജേതാക്കളെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുവോളജി വിഭാഗം മേധാവി ഡോ.ബി.ടി.സുലേഖ സ്വാഗതവും ഡോ.ഷീബ നന്ദിയും പറഞ്ഞു. ഡോ.എസ്.വി.മനോജും ഡോ.ആർ.രവീന്ദ്രനും ആശംസാപ്രസംഗം നടത്തി. സെമിനാർ രണ്ട് ദിവസം തുടരും.