കുണ്ടറ: കുണ്ടറ റയിൽവേ സ്റ്റേഷൻ പരിസരത്ത് തീപിടിത്തതിന് കാരണക്കാരായ പത്തംഗ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സംഘം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം ഉണ്ടായത്. ഒരു യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ കെടുത്തിയത്. തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പത്തംഗ സ്കൂൾ വിദ്യാർത്ഥികൾ പിടിയിലായത്.
കുട്ടി സംഘം റെയിൽവേ ട്രാക്കിൽ ഇരുന്ന് പുകവലിക്കുന്നതിനിടയിൽ ബീഡിക്കുറ്റി വീണ് കരിയിലകൾക്ക് തീപിടിക്കുകയായിരുന്നു. ഇടയ്ക്കിടെ ട്രാക്കിലെ സിഗ്നൽ ലൈറ്റുകൾക്ക് കേടുപാട് വരുത്തുക, ട്രെയിൻ ട്രാക്ക് മാറുന്നിടത്ത് പാറക്കല്ലുകൾ വയ്ക്കുക, മദ്യ കുപ്പികൾ ട്രാക്കിന് സമീപത്തെ വഴികളിൽ എറിഞ്ഞുപൊട്ടിക്കുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറയുന്നത്.
ഈ വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർ.പി.എഫ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. പിടിയിലായ വിദ്യാർത്ഥികളെ അതാത് സ്കൂളുകളിൽ എത്തിച്ചു. തുടർന്ന് സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ആർ.പി.എഫ് പുനലൂർ ഡിവിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ പിടികൂടിയത്.