c
വിവരാവകാശ അപേക്ഷ നൽകി വലയ്ക്കുന്നവരെ നിലയ്ക്ക് നിർത്താം

കൊല്ലം: വിവരാവകാശ നിയമപ്രകാരം പല തവണ അപേക്ഷകൾ നൽകി ബുദ്ധിമുട്ടിക്കുന്നവരെ എന്തുചെയ്യാനാകും? സംസ്ഥാന വിവരാവകാശ കമ്മിഷൻ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ ശിൽപ്പശാലയിലാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഈ സംശയം ഉയർന്നത്.

സുപ്രീം കോടതി വിധിപ്രകാരം ഒരു ഓഫീസിന്റെ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ സമയവും 75 ശതമാനത്തോളം അപേക്ഷകന് മറുപടി നൽകുന്നതിനായി ഉപയോഗിക്കേണ്ടി വന്നാൽ അത്തരം അപേക്ഷ അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു ഇതിന് വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ നൽകിയ മറുപടി.

കഴമ്പില്ലാത്ത അപേക്ഷകളുമായി എത്തുന്ന അപേക്ഷകർക്ക് പകർപ്പുകൾ നൽകാതിരിക്കാം. എന്നാൽ, അവർക്ക് മറുപടി നൽകുമ്പോൾ വ്യക്തമായ ന്യായീകരണം നൽകിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷയിൽ 48 മണിക്കൂറിനകം മറുപടി വേണമെന്ന ആവശ്യമുണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകിയിരിക്കണം.

അപേക്ഷ നൽകാൻ അർഹത ആർക്കൊക്കെ

ഏതെങ്കിലും പദവി പറഞ്ഞോ, സംഘടനകളുടെ തലവനെന്നോ പറഞ്ഞ് വിവരാവകാശ അപേക്ഷ നൽകാൻ സാധിക്കില്ല. അപേക്ഷകൻ സ്വന്തം പേരിൽ തന്നെ അപേക്ഷ സമർപ്പിക്കണം, ഇന്ത്യൻ പൗരനായിരിക്കുകയും വേണം


രേഖകൾ ആർക്കൊക്കെ

സാക്ഷ്യപ്പെടുത്താം?

റെക്കോഡ് റൂമിൽ എല്ലാ ഫയലുകളും ശരിയായ രീതിയിൽ ക്രമീകരിച്ചിരിക്കണം. അപേക്ഷകൾ ലഭിക്കുന്നതനുസരിച്ച് അവ നൽകാൻ കഴിയുന്ന തരത്തിലായിരിക്കണം ക്രമീകരണം. ചില അപേക്ഷകളിൽ നൽകുന്ന രേഖകളിൽ ബന്ധപ്പെട്ട എസ്.പി.ഐ.ഒയ്ക്ക് സാക്ഷ്യപ്പെടുത്താൻ ബുദ്ധിമുട്ട് നേരിട്ടാൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്താം.

അപേക്ഷകന് നേരിട്ട് രേഖകൾ പരിശോധിക്കാം.

അത്തരം സാഹചര്യത്തിൽ പരിശോധിക്കാൻ നിശ്ചിത സമയവും ഫീസും ഉണ്ടായിരിക്കും. ആവശ്യമുള്ള രേഖകൾ ക്യാമറയിൽ പകർത്താം. അപേക്ഷകൻ അപ്പീൽ പോയാൽ ആദ്യ അപേക്ഷയിലെ ചോദ്യങ്ങൾക്ക് പുറമെ മറ്റ് ചോദ്യങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല.

എല്ലാ വിവരങ്ങളും ലഭിക്കുമോ?

ചില സാഹചര്യങ്ങളിൽ ഫയലുകൾ നശിപ്പിച്ച് കളയേണ്ടതായി വരാറുണ്ട്. ആറു മാസം മാത്രം സൂക്ഷിക്കുന്ന ഫയലുകളും സ്ഥിരമായി സൂക്ഷിക്കുന്ന ഫയലുകളുമുണ്ട്. ഫയൽ ഡിസ്ട്രക്ഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ശേഷം നശിപ്പിക്കുന്ന ഫയലുകളിലെ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ചിലരുടെ വ്യക്തിഗത വിവരങ്ങൾ, അന്വേഷണ സംബന്ധമായ വിവരങ്ങൾ, ഒരാളുടെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ, കോടതി വ്യവഹാരവുമായി ബന്ധപ്പെട്ടവ സാഹചര്യങ്ങൾക്ക് അനുസൃതമായി നൽകാൻ കഴിയാതെ വരാം. അതേസമയം, പൊതുതാൽപര്യം ഉണ്ടാകുന്ന അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവയിൽ മറുപടി നൽകുകയും വേണം.

സോപാനത്തിൽ നടന്ന ശില്പശാല മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ.എം.പോൾ ഉദ്ഘാടനം ചെയ്തു. കമ്മിഷണർമാരായ എസ്. സോമനാഥൻ പിള്ള, ഡോ.കെ.എൽ.വിവേകാനന്ദൻ, കെ.വി സുധാകരൻ, പി.ആർ ശ്രീലത, വിവരാവകാശ ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.